Skip to main content
ചെങ്ങന്നൂർ മണ്ഡലത്തിലെ 27 പാലങ്ങൾ കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ പൂർത്തികരിച്ചത്: മന്ത്രി മുഹമ്മദ് റിയാസ് 

ചെങ്ങന്നൂർ മണ്ഡലത്തിലെ 27 പാലങ്ങൾ കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ പൂർത്തികരിച്ചത്: മന്ത്രി മുഹമ്മദ് റിയാസ് 

ആലപ്പുഴ: ഓരോ നിർമാണ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ  27 പാലങ്ങൾ കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ പൂർത്തികരിച്ചവയാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ചെങ്ങന്നൂര്‍ മഠത്തിൽകടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ സർക്കാർ അധികാരത്തിൽ വന്ന ഉടൻ നിർമാണത്തിലിരുന്ന പാലങ്ങൾ, ഭരണാനുമതി ലഭിച്ച പാലങ്ങൾ, സാങ്കേതിക അനുമതിയിൽ എത്തേണ്ട പാലങ്ങൾ, പ്രവർത്തനം ആരംഭിക്കേണ്ട പാലങ്ങൾ എന്നിങ്ങനെ വേർതിരിച്ച് കണക്കെടുത്തു. എല്ലാ മാസവും ഇത് സംബന്ധിച്ച് പ്രത്യേക അവലോകന യോഗങ്ങളും ചേർന്നു. ഇതൊക്കെ കൊണ്ടാണ് ഓരോ നിർമാണ പ്രവൃത്തിയും സമയബന്ധിതമായി പൂർത്തിയാക്കാനാകുന്നത്. 

സഹകരണ മേഖലയും സ്വകാര്യമേഖലയും കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികൾ നടപ്പിലാക്കാനും സർക്കാർ ലക്ഷ്യമിടുകയാണ്. കുട്ടംപേരൂർ ആറിന്റെ ടൂറിസം പദ്ധതിക്ക് ടൂറിസം വകുപ്പിൻ്റെ എല്ലാ പിന്തുണയും നൽകും. ഗ്രാമ- ഗ്രാമാന്തര തലത്തിൽ ടാർ ചെയ്ത റോഡുകൾ ഇന്ത്യയിൽ കേരളത്തിൽ മാത്രമേ കാണുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

മഠത്തില്‍കടവ് പാലത്തിന്റെ സമീപം ചേർന്ന ചടങ്ങിൽ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുകുമാരി, ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പുഷ്പലത മധു, വൈസ് പ്രസിഡന്റ് ജി. രാമകൃഷ്ണന്‍, ജില്ല പഞ്ചായത്ത് അംഗം ആതിര, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. മോഹനന്‍, ബ്ലോക്ക് പഞ്ചായത്തംഗം എ. രാജേഷ്,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രവീണ്‍ കാരാഴ്മ, ശാന്ത ഗോപകുമാര്‍, രാജി ബാബു, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സുധാമണി, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിശ്വംഭര പണിക്കര്‍, പൊതുമരാമത്ത് പാലം വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ദീപ്തി ഭാനു, മറ്റ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവര്‍ പങ്കെടുത്തു.

11.8 കോടി രൂപ വിനിയോഗിച്ചാണ് ചെന്നിത്തല- ബുധനൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മഠത്തില്‍ കടവ് പാലം നിര്‍മിച്ചത്. വാഹന ഗതാഗതത്തിനായി 7.50 മീറ്റർ വീതിയുള്ള ക്യാരേജ് വേയും 150 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടെ 9.70 മീറ്ററാണ് പാലത്തിന്റെ ആകെ വീതി. 26 മീറ്റർ വീതം നീളമുള്ള 3 സ്പാനുകളുള്ള ഈ പാലത്തിന്റെ ആകെ നീളം 79.20 മീറ്ററാണ്. പാ ലത്തിന്റെ ഇരുകരകളിലുമായി 1.20 കിലോമീറ്റർ നീളത്തിൽ റോഡ് നവീകരണം കൂടി ഉൾപ്പെടുത്തിയാണ് നിർമ്മാണം പൂത്തീകരിച്ചത്.

date