Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 13-10-2023

ജില്ലാ വികസന സമിതി യോഗം 28ന്

ജില്ലാ വികസന സമിതി യോഗം ഒക്ടോബര്‍ 28ന് രാവിലെ 11 മണിക്ക് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടക്കും.

കെല്‍ട്രോണ്‍ മാധ്യമ കോഴ്‌സുകൾ ; 20 വരെ അപേക്ഷിക്കാം

കെല്‍ട്രോണിന്റെ മാധ്യമ കോഴ്സുകളിലേക്ക് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തിരുവനന്തപുരം, കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30 വയസ്. ഫോണ്‍: 9544958182. വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്ങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക് - എല്‍ പി എസ് , സെക്കന്റ് എന്‍ സി എ - ഒ ബി സി - 295/2022) തസ്തികയിലേക്ക് പി എസ് സി 2023 ജൂണ്‍ രണ്ടിന് നടത്തിയ ഒ എം ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി; ഉടമ വിഹിതം അടക്കണം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹന ഉടമകള്‍ വാഹന നികുതി അടക്കുന്നതിന് മുമ്പ് ക്ഷേമനിധി ഉടമ വിഹിതം അടക്കണം. അല്ലെങ്കില്‍ പലിശ സഹിതം അടക്കേണ്ടിവരുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. ഓണ്‍ലൈനായും, ജില്ലാ ഓഫീസുകളില്‍  കാർഡ് സ്വൈപ്പ് ചെയതും, സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളിലും, അക്ഷയ, ഫ്രണ്ട്സ് ജനസേവന കേന്ദ്രം, മൊബൈല്‍ ആപ്പ് എന്നിവ വഴിയും ക്ഷേമനിധി വിഹിതം അടക്കാം.

ലൈബ്രറി കൗണ്‍സില്‍ ജില്ലാ നേതൃസംഗമം

ലൈബ്രറി കൗണ്‍സില്‍ ജില്ലാ നേതൃസംഗമം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് മുകുന്ദന്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ സെക്രട്ടറി മനയത്ത് ചന്ദ്രന്‍, ഗ്രന്ഥാലോകം പത്രാധിപര്‍ പി  വി കെ പനയാല്‍, സ്റ്റേറ്റ് എക്‌സി. കമ്മിറ്റിയംഗം കെ ചന്ദ്രന്‍, ജില്ലാ സെക്രട്ടറി പി കെ വിജയന്‍, വൈസ് പ്രസിഡണ്ട് ടി പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പടം)

ബോട്ട് മാസ്റ്റര്‍ തസ്തികകള്‍ ഒഴിവ്

സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ ബോട്ട് മാസ്റ്റര്‍ തസ്തികയില്‍ ഓപ്പണ്‍ പി വൈ, ഇടിബി പി വൈ എന്നീ വിഭാഗങ്ങള്‍ക്കായി  സംവരണം ചെയ്ത രണ്ട് താല്‍കാലിക ഒഴിവുകളുണ്ട്.
യോഗ്യത: പത്താം ക്ലാസ്സ് പാസ്സ്, ബോട്ട് മാസ്റ്റര്‍ ലൈസന്‍സ് (കേരള ഇന്‍ലാന്‍ഡ് വെസ്സല്‍സ് റൂള്‍) അല്ലെങ്കില്‍ സെക്കന്‍ഡ് ക്ലാസ്സ് മാസ്റ്റര്‍ ലൈസന്‍സ്
2023 ജനുവരി ഒന്നിന് 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ ആകണം (അംഗീകൃത വയസ്സിളവ് ബാധകം).
യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍  ഒക്ടോബര്‍ 21നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2700831.

വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ടിക്കല്‍ സെക്ഷനിലെ  കെ എസ് ഇ ബി  ഓഫീസ് മുതല്‍ മേലെചൊവ്വ വരെയും അമ്പാടി റോഡ്, അമ്പലക്കുളം എന്നീ ഭാഗങ്ങളിലും ഒക്ടോബര്‍ 14 ശനി രാവിലെ 8.30 മുതല്‍ 6.30 വരെ വൈദ്യുതി മുടങ്ങും.

 

date