Skip to main content

നവകേരള സദസ്സ് നവംബർ 24, 25, 26 തീയ്യതികളിൽ; സംഘാടക സമിതി രൂപീകരണത്തിന് തുടക്കമായി

 

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നവംബർ 24, 25, 26 തീയ്യതികളിൽ കോഴിക്കോട് ജില്ലയിൽ നടക്കും. നവകേരള സദസ്സുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണത്തിന്  തുടക്കമായി. ബേപ്പൂർ നിയോജക മണ്ഡലത്തിലെ സംഘാടക സമിതി രൂപീകരണ യോഗം ഫറോക്ക് റോയൽ അലയൻസ് ഓഡിറ്റോറിയത്തിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കാട് സൗത്ത്, നോർത്ത് മണ്ഡലങ്ങളുടെ സംഘാടക സമിതി രൂപീകരണ യോഗം കോഴിക്കോട് ടൗൺ ഹാളിൽ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എലത്തൂർ മണ്ഡലതല സംഘാടക സമിതി രൂപീകരണ യോഗം നന്മണ്ട ഗ്രാമപഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ   വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി മണ്ഡലത്തിലെ സംഘാടക  സമിതി മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂളിൽ ചേർന്ന യോഗത്തിൽ രൂപീകരിച്ചു. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ നവ കേരള സദസ്സ് പരിപാടിയും സ്വാഗത സംഘം ഭാരവാഹികളെയും പ്രഖ്യാപിച്ചു.   
ഒക്ടോബർ 17 ന് വൈകീട്ട് മൂന്ന് മണിക്ക് ബാലുശ്ശേരി മണ്ഡലംതല സംഘാടക സമിതി രൂപീകരണ യോഗം ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കും. 17ന് വൈകീട്ട് നാല് മണിക്ക് സുരഭി ഓഡിറ്റോറിയത്തിൽ പേരാമ്പ്ര മണ്ഡലം  സംഘാടക സമിതി രൂപീകരിക്കും. കൊയിലാണ്ടി മണ്ഡല സംഘാടക സമിതി യോഗം ഇ എം എസ് ടൗൺ ഹാളിൽ 17ന് വൈകീട്ട് നാലു മണിക്ക് നടക്കും. നാദാപുരം മണ്ഡലത്തിൽ 17ന് വൈകീട്ട് നാലിന് നാദാപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് യോഗം.
ഒക്ടോബർ 18 ന് വൈകീട്ട് നാല് മണിക്ക് കുന്ദമംഗലം ബ്ലോക്ക് രാജീവ്ഗർ ഓഡിറ്റോറിയത്തിൽ  കുന്ദമംഗലം മണ്ഡലതല സംഘാടക സമിതി യോഗം ചേരും. വടകര മണ്ഡലതല സംഘാടക സമിതി യോഗം ഒക്ടോബർ 19 ന് വൈകീട്ട് നാലിന് ടൗൺഹാളിൽ നടക്കും.
തിരുവമ്പാടി മണ്ഡല സംഘാടക സമിതി യോഗം ഒക്ടോബർ 20 ന് മുക്കം ഇ എം എസ് ഓഡിറ്റോറിയത്തിലും കൊടുവള്ളി മണ്ഡലത്തിൽ വൈകീട്ട് നാലു മണിക്ക് കൊടുവള്ളി കമ്യൂണിറ്റി ഹാളിലും ചേരും ഓരോ മണ്ഡലത്തിലും എം.എൽ.എമാർ നവകേരള സദസ്സിനു നേതൃത്വം വഹിക്കും. പരിപാടിയുടെ നടത്തിപ്പിനായി വിവിധ വകുപ്പുകളിലെ ഉദ്യോസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്.

date