Skip to main content
ജ്വാലയായി ദീപശിഖാ പ്രയാണം

ജ്വാലയായി ദീപശിഖാ പ്രയാണം

കായിക മാമാങ്കത്തിന് ഇന്ന് കൊടിയേറ്റം;

ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിക്കും

ഒന്നര പതിറ്റാണ്ടിനു ശേഷം ജില്ലയിലെത്തുന്ന കൗമാര കായിക മാമങ്കത്തിന് മുന്നോടിയായ ദീപശിഖാ പ്രയാണം തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ തെക്കേ ഗോപുരനടയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഐ എം വിജയന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു. മേയര്‍ എം കെ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. എ സി മൊയ്തീന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളായി. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റും സെറിമണി കമ്മിറ്റി ചെയര്‍മാനുമായ മീന സാജന്‍, സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ഹരീഷ് ശങ്കര്‍, ജില്ലാ സ്‌പോട്‌സ് കോര്‍ഡിനേറ്റര്‍ എ എസ് മിഥുന്‍, കായിക വകുപ്പ് ഉദ്യോഗസ്ഥര്‍, കായിക വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിവിധ വിദ്യാലയങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ദീപശിഖ പ്രയാണത്തിന് ബഥനി ഇംഗീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, നഗരസഭാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് നഗര പ്രദക്ഷിണം നടത്തി കായിക മത്സര വേദിയായ കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ എ സി മൊയ്തീന്‍ എംഎല്‍എ ദീപശിഖ ഏറ്റുവാങ്ങി.

ഇന്ന് (ഒക്ടോബര്‍ 17) രാവിലെ 7 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. 9 മണിക്ക് പൊതു വിദ്യാഭാസ ഡയറക്ടര്‍ 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ പതാക ഉയര്‍ത്തും. വൈകീട്ട് 3.30 ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കായിക മേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടത്തോടനുബന്ധിച്ച് കുട്ടികളുടെ മാര്‍ച്ച് പാസ്റ്റും ഉണ്ടായിരിക്കും. തുടര്‍ന്ന് എ സി മൊയ്തീന്‍ എംഎല്‍എയില്‍ നിന്ന് സംസ്ഥാന കായിക താരങ്ങള്‍ ദീപ ശിഖ ഏറ്റുവാങ്ങും. തുടര്‍ന്ന് ഒളിമ്പ്യന്‍ ലിജോ ഡേവിഡ് തൊട്ടാനം ഏറ്റുവാങ്ങും. പൊതു വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ പത്മശ്രീ ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ് ഗ്രൗണ്ടില്‍ ദീപശിഖ തെളിയിക്കും.

date