Skip to main content
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബഹുജന സദസ് സംഘാടക സമിതി യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. സംസാരിക്കുന്നു.

മണ്ഡലത്തിലെ വികസനവും ജനകീയ പ്രശ്‌നങ്ങളും ബഹുജന സദസിൽ ചർച്ചയാകും: എം.എൽ.എ

കോട്ടയം: നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് ഡിസംബർ 12നു പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ബഹുജന സദസിൽ സമഗ്ര വികസനവും ജനകീയ പ്രശ്‌നങ്ങളും ചർച്ചയാകുമെന്നു അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബഹുജനസദസ് സംഘാടക സമിതി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ വിജയത്തിനായി എല്ലാ കമ്മിറ്റി അംഗങ്ങളും ഏകോപനത്തോടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്ന് എം.എൽ.എ. നിർദേശിച്ചു.

വിവിധ കമ്മിറ്റികളുടെ പ്രവർത്തനം പുഞ്ച സ്‌പെഷൽ ഓഫീസർ എം. അമൽ മഹേശ്വർ വിശദീകരിച്ചു. നവംബർ ഒന്നിനു പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ, രണ്ടിന് തീക്കോയി, ഈരാറ്റുപേട്ട നഗരസഭ, മൂന്നിനു തിടനാട്, പാറത്തോട്, നാലിനു എരുമേലി, കോരുത്തോട്, അഞ്ചിനു കൂട്ടിക്കൽ, മുണ്ടക്കയം എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പഞ്ചായത്തുതലയോഗങ്ങൾ സംഘടിപ്പിക്കും. യോഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസറുടെ  സഹായത്തോടെ ഏകോപിപ്പിക്കും. ജനപ്രതിനിധികൾ, സി.ഡി.എസ്-എ.ഡി.എസ് അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സഹകരണ ബാങ്ക് ബോർഡംഗങ്ങൾ തുടങ്ങി 500 പേർ പങ്കെടുക്കും. നവംബർ ആറു മുതൽ 15 വരെ പ്രാദേശിക യോഗങ്ങൾ സംഘടിപ്പിക്കും.16 മുതൽ 30 വരെ വീട്ടുമുറ്റ സദസുകളും ചേരും. യോഗങ്ങളിൽ സർക്കാരിന്റെ വിവിധ വികസന പ്രവർത്തനങ്ങൾ, ജനകീയ വിഷയങ്ങൾ തുടങ്ങിയവ ചർച്ചചെയ്യും.

ബഹുജന സദസിൽ ഓരോ വകുപ്പിനും ഓരോ ഹെൽപ്പ് ഡെസ്‌കുകൾ ഉണ്ടാകും. കലാസാംസ്‌കാരിക വ്യാപാര മേഖലകളിലെ പ്രമുഖർ അടക്കം പങ്കെടുക്കുന്ന ആളുകളുടെ പട്ടിക തയാറാക്കണം. പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികൾ  സദസിൽ അവതരിപ്പിക്കും. പ്രചരണ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയാറാക്കി പരിപാടികൾ ഉടൻ ആരംഭിക്കും. എല്ലാ കമ്മിറ്റികളും യോഗം ചേർന്ന് ചുമതലകൾ ചർച്ച ചെയ്തു തീരുമാനങ്ങളും ബഡ്ജറ്റ് എസ്റ്റിമേറ്റും 26ന് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ അറിയിക്കണമെന്നും   യോഗം തീരുമാനിച്ചു.
കാഞ്ഞിരപ്പള്ളി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗീതാ നോബിൾ (പൂഞ്ഞാർ), വിജി ജോർജ് ( തിടനാട് ), വിജയമ്മ വിജയലാൽ (പാറത്തോട്), സിന്ധു മുരളീധരൻ (കൂട്ടിക്കൽ), ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. സാജൻ കുന്നത്ത്, കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ.  ഇ.ടി. രാകേഷ്, കിൻഫ്രാ ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ജോർജുകുട്ടി ആഗസ്തി, ഡി. പി.സി. അംഗം കെ. രാജേഷ്, തഹസിൽദാർമാരായ കെ. സുനിൽകുമാർ, പി.എസ്. സുനിൽകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോയി ജോർജ്, വി.ജെ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.

 

 

date