Skip to main content

ഒ.പി. ടിക്കറ്റ് വീട്ടിലിരുന്ന് ബുക്ക് ചെയ്യാം: ആശുപത്രി സേവനത്തിന് ഇ- ഹെല്‍ത്ത് സംവിധാനം ഉപയോഗിക്കൂ

ആലപ്പുഴ: സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടറെ കാണുന്നതിന് പൊതുജനങ്ങള്‍ക്ക് ഇ- ഹെല്‍ത്ത് വഴി ഓണ്‍ലൈനായി അപ്പോയിന്‍മെന്റ് എടുക്കാം. ഇതോടെ രോഗികള്‍ക്ക് വീട്ടിലിരുന്ന് ഒ.പി ടിക്കറ്റ് ബുക്ക് ചെയ്യാം. സര്‍ക്കാര്‍ ആശുപത്രികളിലെ ഇ ഗവര്‍ണന്‍സിന്റെ ഭാഗമായാണ് ഇ ഹെല്‍ത്ത് സംവിധാനം ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് ഡി.എം.ഒ. (ആരോഗ്യം) അറിയിച്ചു. ആദ്യ ഘട്ടത്തില്‍
തുറവൂര്‍ താലൂക്ക് ആശുപത്രി, ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളായ പുന്നപ്ര നോര്‍ത്ത്, പുറക്കാട്, വെട്ടക്കല്‍, അരൂര്‍, ചെറുതന, കഞ്ഞിക്കുഴി, പാലമേല്‍, പാണാവള്ളി, ആറാട്ടുപുഴ, പള്ളിപ്പുറം, താമരക്കുളം, വീയപുരം, പെരുമ്പളം, ഭരണിക്കാവ്, ചെട്ടികുളങ്ങര, പള്ളിത്തോട്, എഴുപുന്ന, കലവൂര്‍, കാര്‍ത്തികപ്പള്ളി, മാരാരിക്കുളം നോര്‍ത്ത്, ദേവികുളങ്ങര, വയലാര്‍, ചേര്‍ത്തല സൗത്ത്, കണ്ടല്ലൂര്‍, നൂറനാട്, തോട്ടപ്പള്ളി എന്നിവിടങ്ങിലും യുപിഎച്ച്‌സി മുല്ലാത്ത് വളപ്പ്, യുപിഎച്ച്എസി ചേരാവള്ളി എന്നീ ആരോഗ്യ കേന്ദ്രങ്ങളിലുമാണ് നിലവില്‍ ഈ സേവനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. 

ഇ-ഹെല്‍ത്ത് രജിസ്‌ട്രേഷന്‍ എങ്ങനെ, ഒ.പി.ടിക്കറ്റ് എങ്ങനെ എടുക്കാം

ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന യുഎച്ച്‌ഐഡി നമ്പറിലൂടെ ഡോക്ടറുടെ അപ്പോയിന്റ്‌മെന്റുകള്‍ മുന്‍കൂട്ടി എടുക്കാം. ചികിത്സാ വിവരങ്ങള്‍ ഇതില്‍ സൂക്ഷിക്കപ്പെടുകയും തുടര്‍ ചികിത്സ ഉറപ്പുവരുത്താനും സാധിക്കും. ഇ ഹെല്‍ത്ത് സേവനങ്ങള്‍ ലഭ്യമാകുന്നതിനായി ഇ-ഹെല്‍ത്ത് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. https://ehealth.kerala.gov.in സൈറ്റില്‍ ലോഗിന്‍ ചെയ്തശേഷം ആധാര്‍ നമ്പര്‍ സമര്‍പ്പിച്ചാല്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കു ഒടിപി വരും. ഇത് സമര്‍പ്പിച്ചാല്‍ 16 അക്ക യുണീക്ക് ഹെല്‍ത്ത് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ ഇ- ഹെല്‍ത്ത് സേവനങ്ങള്‍ക്കായി ഉപയോഗിക്കാം. ബുക്ക് ചെയ്യുന്ന ഒ.പ.ി ടിക്കറ്റ് എസ് എം എസ് സന്ദേശമായും  ആവശ്യമെങ്കില്‍ പ്രിന്റായും എടുക്കാം. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും. https://ehealth.kerala.gov.in എന്ന സൈറ്റില്‍ ജില്ലയിലെ ഓണ്‍ലൈന്‍ അപ്പോയ്ന്റ്മെന്റ് സൗകര്യമുള്ള ആശുപത്രികളുടെ വിവരങ്ങള്‍ ലഭ്യമാണ്.
 

date