Skip to main content

നവകേരള സദസ്:തിരുവനന്തപുരത്ത് ഡിസംബർ 24ന്, സംഘാടക സമിതിയായി

നവകേരള സൃഷ്ടിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരം മണ്ഡലത്തിൽ സംഘാടകസമിതിയായി.കോട്ടൺഹിൽ സർക്കാർ ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. സമാനതകളില്ലാത്ത വികസനക്ഷേമ പ്രവർത്തനങ്ങളാണ് ഏഴ് വർഷത്തെ ഭരണത്തിലൂടെ കേരളത്തിൽ നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു.സമ്പൂർണ സാക്ഷരത, സമ്പൂർണ കുടിവെള്ള പദ്ധതി,അതിഥി തൊഴിലാളികൾക്ക് റേഷൻ കാർഡ്,വിശപ്പ് രഹിത കേരളം തുടങ്ങി നിരവധി  വികസന ക്ഷേമ പ്രവർത്തനങ്ങൾ സർക്കാരിന് നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.ഇത്തരത്തിൽ കേരളം കൈവരിച്ച നിരവധി നേട്ടങ്ങൾക്ക് പിന്നിൽ ജനങ്ങളുടെ പൂർണ പിന്തുണ സർക്കാരിനൊപ്പമുണ്ടെന്ന് മന്ത്രി പറഞ്ഞു.

പൊതുഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു യോഗത്തിൽ അധ്യക്ഷത വഹിച്ചു. മന്ത്രിസഭ ഒന്നാകെ ജനങ്ങളുമായി സംവദിക്കുന്ന അത്യപൂർവകാഴ്ചയ്ക്കാണ് കേരളം വേദിയാകുന്നതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

മന്ത്രി ആന്റണി രാജു ചെയർമാനും അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ജോസ് ജെ കൺവീനറും തിരുവനന്തപുരം തഹസിൽദാർ ജോയിന്റ് കൺവീനറും  എസ്.എ.സുന്ദർ വർക്കിങ് ചെയർമാനും മണ്ഡലത്തിലെ ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ,രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ അംഗങ്ങളുമായി വിപുലമായ സംഘാടകസമിതിയാണ് രൂപീകരിച്ചത്. ഇതിന് പുറമെ പരിപാടിയുടെ സുഗമമായ നടത്തിപ്പിന് അഞ്ച് സബ് കമ്മിറ്റികൾക്കും രൂപം നല്കി.ഡിസംബർ 24 ന് വൈകിട്ട് 4.30 ന് 15,000 പേരെ പങ്കെടുപ്പിച്ച് പുത്തരിക്കണ്ടത്താണ് തിരുവനന്തപുരം നിയോജകമണ്ഡലത്തിന്റെ നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്.

ഒക്ടോബർ 25 ന് തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെ സംഘാടക സമിതി ഓഫീസ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ  ഉദ്ഘാടനം ചെയ്യും.മന്ത്രിമാർ പങ്കെടുക്കുന്ന സംഘാടക സമിതി രൂപീകരണത്തിന് ശേഷം മണ്ഡലത്തിലെ 26 കോർപ്പറേഷൻ വാർഡുകളിലും സംഘാടക സമിതി രൂപീകരിക്കും.ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ,രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

date