Skip to main content
കർഷകന്റെ നെല്ല് പാടത്തോ വെള്ളത്തിലോ കൂട്ടിയിടേണ്ട അവസ്ഥയുണ്ടാകില്ല; മന്ത്രി ജി.ആർ. അനിൽ

കർഷകന്റെ നെല്ല് പാടത്തോ വെള്ളത്തിലോ കൂട്ടിയിടേണ്ട അവസ്ഥയുണ്ടാകില്ല; മന്ത്രി ജി.ആർ. അനിൽ

ആലപ്പുഴ: കർഷകന്റെ നെല്ല് പാടത്തോ വെള്ളത്തിലോ കൂട്ടിയിടേണ്ട അവസ്ഥയുണ്ടാകാതിരിക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. പുന്നപ്ര വടക്ക് പഞ്ചായത്തിലെ മുന്നൂറാം പാടം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് എല്ലാ നാളുകളിലും പ്രശ്നങ്ങൾ ഉയർന്നു വരാറുണ്ട്. കർഷകർക്ക് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. കൃഷിക്കാർക്ക് ന്യായമായുള്ള വില നൽകുകയെന്നതാണ് സർക്കാരിൻറെ താല്പര്യം. അതിനനുസൃതമായി എല്ലാ മേഖലയിലുള്ളവരെയും സഹകരിപ്പിച്ചുകൊണ്ട് നെല്ല് സംഭരിക്കുന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ തുടർന്നു വരുന്നത്. കഴിഞ്ഞതവണ നെല്ല് സംഭരണത്തിൽ യാതൊരുവിധ പ്രശ്നവും ഉണ്ടായില്ല. ഒരുമണി നെല്ലുപോലും വെള്ളത്തിൽ കിടന്ന് കൃഷിക്കാരന് നാശം ഉണ്ടാകുന്ന അവസ്ഥയിലേക്ക് തള്ളി വിട്ടിട്ടില്ല. 2070 കോടി രൂപയുടെ നെല്ലാണ് കഴിഞ്ഞവർഷം സംഭരിച്ചത്.അതിൽ 1600 കോടി രൂപ വിതരണം ചെയ്യുന്നതിൽ തടസ്സമൊന്നും ഉണ്ടായില്ല. അവസാന ഘട്ടത്തിൽ ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ നേരിട്ടു. ഒരു ദിവസം വളരെ കുറച്ച് ആളുകൾക്ക് മാത്രം വായ്പ തുക ലഭിക്കുന്ന സ്ഥിതിയുണ്ടായി.അതിനാൽ കൃഷിക്കാരന് വിതരണം ചെയ്യുന്നതിൽ ചെറിയ കാലതാമസമുണ്ടായി. ഇത്തവണ അത്തരം പ്രശ്നങ്ങൾ ഒഴിവാക്കുക എന്ന കാഴ്ചപ്പാടാണ് സർക്കാർ സ്വീകരിക്കുന്നത്. കേരള ബാങ്ക് ഉൾപ്പെടെ പല ബാങ്കുകളുമായി
കർഷകർക്കുള്ള വായ്പ സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ രണ്ടര ലക്ഷം കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുകയാണ്. കഴിഞ്ഞവർഷം 7.26 ലക്ഷം മെട്രിക്ക് ടൺ നെല്ല് സംഭരിച്ചു. കഴിഞ്ഞതിന് മുൻവർഷം 7.36 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. ഇത്തവണയും നല്ല വിളവ് ലഭിക്കുമെന്നാണ് കർഷകർ പറഞ്ഞിട്ടുള്ളത്. 100 കിലോ നെല്ല് മില്ലിൽ പ്രോസസ് ചെയ്ത് അരിയായി തിരിച്ചുവരുന്നത് 68 കിലോ അരി തരണമെന്നാണ് ഇന്ത്യയിലാകെയുള്ള വ്യവസ്ഥ. എന്നാൽ ചില കേന്ദ്രങ്ങളിൽ ആ നിലയിൽ നെല്ല് കിട്ടുന്നതിനുള്ള സാധ്യതയില്ല. കോടതിവിധിയുടെ പശ്ചാത്തലത്തിൽ സർക്കാരിനെ സംബന്ധിച്ച് 68 ഔട്ടർ റേഷ്യോ വെച്ച് മാത്രമേ മില്ലുടമകളിൽ നിന്ന് നെല്ല് സംഭരിക്കാൻ സാധിക്കൂ. നിലവിൽ 11 മില്ലുടമകൾ സഹകരിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. ഇവർക്ക് പാടശേഖരങ്ങൾ അനുവദിച്ചു. അതിനാൽ ഈ മാസം നെല്ല് സംഭരണത്തിന് യാതൊരു തടസ്സവുമുണ്ടാകില്ല. ഇപ്പോൾ കൊയ്തു വരുന്ന നെല്ല് പൂർണമായും സംഭരിക്കുന്നതിനുള്ള സാഹചര്യം ഈ 11 മില്ലുകളിലൂടെ കഴിയും. ഇതിനിടയിൽ വരുന്ന കാലാവധിയിൽ ചർച്ചകളിലൂടെ മറ്റു മില്ലുകളുടെ സഹകരണം ഉറപ്പാക്കും.
നെല്ല് സംഭരണത്തിൽ എല്ലാ മില്ലുടമകളും സർക്കാരിനോടൊപ്പമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

എച്ച്. സലാം എം.എൽ.എ., പാഡി ഓഫീസർ ബറ്റി വർഗീസ്, കൃഷി ഓഫീസർ ആർ. ശ്രീരമ്യ, പാടശേഖര സമിതി സെക്രട്ടറി പ്രദീപ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി.ജെ. ആഞ്ചലോസ്, എ. ഓമനക്കുട്ടൻ, ഇ.കെ. ജയൻ, പ്രേംചന്ദ്, മനുമോഹൻ, പ്രകാശ് ബാബു, അഖിൽ വിനായക്, കർഷകർ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

date