Skip to main content

കമ്മ്യൂണിറ്റി റിസർവ് ശുചീകരണവും ജലഘോഷയാത്രയും സംഘടിപ്പിച്ചു

മാലിന്യമുക്തം നവകേരളം ക്യാമ്പനിന്റെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി റിസർവും പ്രദേശവും ശുചീകരണം നടത്തി. ജലാശയങ്ങൾ മലിനമാക്കരുത് എന്ന സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കമ്മ്യൂണിറ്റി റിസർവിലെ 30 ൽ അധികം ചെറുതോണികൾ അണിനിരത്തി ജലഘോഷയാത്രയും സംഘടിപ്പിച്ചു. തെയ്യവും തിറയും വാദ്യമേളങ്ങളും ഘോഷയാത്രയെ മനോഹരമാക്കി. കീഴയിൽ പിഷാരിക്കൽ ക്ഷേത്ര പരിസരത്ത് നിന്ന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്ത ജലഘോഷയാത്ര ബാലാതിരുത്തി പൈപ്പ് പാലത്തിന് സമീപം അവസാനിച്ചു. സി.ബി.എച്ച്.എസ് ഹൈസ്കൂളിലെ എൻ.എൻ.എസ് പ്രോഗ്രാം ഓഫീസർ സിനു. പി കെ, എം.വി.എച്ച്.എസ് ഹൈസ്കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഏലിയാസ് പുതുശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ 150 ലധികം എൻ.എസ്.എസ് വളണ്ടിയർമാരും കണ്ടൽകാടും പരിസരവും ശുചീകരിക്കുന്നതിൽ പങ്കാളികളായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.പി സിന്ധു, വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ എ.കെ രാധ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗം പൊക്കടവത്ത് ബാബുരാജ് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി സന്തോഷ് ,വള്ളിക്കുന്ന് കടലുണ്ടി കമ്മ്യൂണിറ്റി റിസർവ് മാനേജ്‌മെന്റ്‌ കമ്മിറ്റി ചെയർമാൻ പി. ശിവദാസൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന് ഗ്രാമപഞ്ചായത്ത് അംഗം എം.കെ കബീർ നന്ദി പറഞ്ഞു. മാലിന്യമുക്തം നവ കേരളം - വള്ളിക്കുന്ന് കടലുണ്ടി കമ്മ്യൂണിറ്റി റിസർവ് ശുചീകരണത്തിൽ പങ്കാളിയായ മുഴുവൻ എൻ.എസ്.എസ് വിദ്യാർത്ഥികൾക്കും ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ജുനൈദ് ടി.പി, ആർ.ജി.എസ്.എ ബ്ലോക്ക് കോർഡിനേറ്റർ സോന, കില തീമാറ്റിക് എക്സ്പർട്ട് മിൻഹ മറിയം , ഹെൽത്ത് ഇൻപെക്ടർ ജമാൽ കൊളത്തൂർ, ഗ്രീൻ വേംസ് കോഡിനേറ്റർ ഹാഷിർ നജീബ് എന്നിവരുടെ നേതൃത്വത്തിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഹരിത കർമ്മസേനാ അംഗങ്ങൾ കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ പങ്കാളികളായി.

date