Skip to main content

ഗ്രാമത്തിന് ഉത്സവമായി സുല്ലമുസ്സലാം ഓറിയന്റൽ വിദ്യാർഥികളുടെ ഞാറുനടീൽ

അരീക്കോട്: മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ സഹകരണത്തോടെ സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്  യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ  വെള്ളേരി ചാലിപ്പാടം വയലിൽ നടത്തിയ ഞാറു നടീൽ  ഗ്രാമത്തിന്റെ ഉത്സവമായി. അന്യംനിന്നു പോകുന്ന കാർഷിക സംസ്കാരം വീണ്ടെടുക്കാനും പരിസ്ഥിതി അവബോധം സൃഷ്ടിക്കാനുമാണ് വിദ്യാർത്ഥികളുടെ നടീൽ ഉത്സവം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  എം. കെ റഫീഖ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും നടീൽ പാട്ടുമായി ആവേശം പകർന്നപ്പോൾ  പ്രദേശമാകെ ഉത്സവ പ്രതീതിയായി.

 

യുവ തലമുറയിൽ കാർഷിക അവബോധം സൃഷിടിക്കാൻ ഇത്തരത്തിലുള്ള പരിപാടികൾക്ക്   സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.  കുട്ടികളുടെ അധ്വാനത്തെ എം കെ റഫീഖ  മുക്തകണ്ഡം പ്രശംസിച്ചു. യുവ കർഷകൻ നൗഷർ കല്ലടയുടെ ഒരേക്കറോളം വരുന്ന നെൽവയലിൽ ആണ് ജൈവ നെൽകൃഷിയുടെ നടീൽ  നടത്തിയത്. സ്വന്തമായി വിഷരഹിതമായ ഭക്ഷണം ഉണ്ടാക്കാനുള്ള നന്മയുടെ പാഠങ്ങളാണ് ചാലിപ്പാടത്ത് കുട്ടികൾ വിളയിച്ചത്.  കൊയ്തെടുത്തതിന് ശേഷം അരി  അവിലാക്കി മാറ്റി ഗ്രീൻ ബെൽ ബ്രാൻഡിൽ വിപണിയിൽ ഇറക്കും. ഇതു വഴി ലഭിക്കുന്ന പണം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കുപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ വർഷം പൊന്മണി ഇനത്തിൽ പെട്ട വിത്താണ് ജൈവകൃഷിക്ക് വേണ്ടി ഉപയോഗിച്ചത്.  കഴിഞ്ഞ വർഷം  'ഐശ്വര്യ ' ഇനത്തിൽ പെട്ട വിത്തിറക്കി. നെല്ലിൽ നിന്നും  'ഗ്രീൻബെൽ' എന്ന ബ്രാൻഡിൽ അവിൽ ഉല്പാദിപ്പിച്ചിരുന്നു. ഞാറിനു  വേണ്ടി വിത്ത് ഇറക്കിയതും നിലമൊരുക്കിയതും വിദ്യാർത്ഥികൾ തന്നെയായിരുന്നു. യുവ കർഷകൻ നൗഷർ കല്ലടയെ ചടങ്ങിൽ വെച്ച് ആദരിച്ചു. പ്രിൻസിപ്പാൾ കെ ടി മുനീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു.

 

അരീക്കോട്  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദുഹാജി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ശരീഫ ടീച്ചർ, കെ ടി അഷ്‌റഫ്‌, അഡ്വ. പി വി എ മനാഫ്, റൈഹാനത്ത് കുറുമാടൻ, ഗ്രാമപഞ്ചായത്ത് അംഗം കെ അബ്ദുൽ സാദിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ മുഹമ്മദ്, മാനേജർ കെ അബ്ദുസ്സലാം മാസ്റ്റർ, ഹെഡ്മാസ്റ്റർ സി പി അബ്ദുൽ കരീം, സോൾ ജനറൽ സെക്രട്ടറി എം പി ബി ഷൗക്കത്തലി, എം ടി എ പ്രസിഡന്റ്‌ റജീന,സി അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. മാനേജർ കെ അബ്ദുസ്സലാം മാസ്റ്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ മെമന്റോ നൽകി ആദരിച്ചു. ഗ്രീൻ ബെൽ അച്ചാറുകൾ NSS വളണ്ടിയർമാർ അതിഥികൾക്ക് കൈമാറി. എൻ എസ് എസ് കോർഡിനേറ്റർ നസീർ കെ സ്വാഗതവും ലീഡർ ശിഫ വൈ പി നന്ദിയും പറഞ്ഞു.

date