Skip to main content
1243 കോടി രൂപ ചെലവിൽ ജലഅതോറിറ്റി നടപ്പാക്കുന്ന മീനച്ചിൽ-മലങ്കര പദ്ധതിയുടെ ഉദ്ഘാടനം പാലാ ടൗൺ ഹാളിൽ  ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എമാരായ മാണി സി. കാപ്പൻ, അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ, എം.പി.മാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എം.പി. എന്നിവർ സമീപം.

രണ്ടുവർഷത്തിനകം 70.85 ലക്ഷം വീടുകളിൽ കുടിവെള്ള കണക്ഷൻ: മന്ത്രി റോഷി അഗസ്റ്റിൻ

  •  മീനച്ചിൽ-മലങ്കര പദ്ധതിക്കു തുടക്കം
  •  കേരള ജലഅതോറിറ്റിയുടെ സംസ്ഥാനത്തെ ഏറ്റവുംവലിയ കുടിവെള്ള പദ്ധതി
  •  ചെലവ് 1243 കോടി രൂപ; പൂഞ്ഞാർ, പാലാ മണ്ഡലങ്ങളിലെ 13 പഞ്ചായത്തുകൾക്ക് പ്രയോജനം

 

കോട്ടയം: രണ്ടുവർഷത്തിനുള്ളിൽ 70.85 ലക്ഷം ഗ്രാമീണകുടുംബങ്ങളിലേക്ക് ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ എത്തിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ. 1243 കോടി രൂപ ചെലവിൽ ജലഅതോറിറ്റി നടപ്പാക്കുന്ന മീനച്ചിൽ-മലങ്കര പദ്ധതിയുടെ ഉദ്ഘാടനം പാലാ ടൗൺ ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഈ സർക്കാർ അധികാരമേൽക്കുമ്പോൾ സംസ്ഥാനത്ത് ജലഅതോറിറ്റി നൽകിയിരുന്ന കുടിവെള്ള കണക്ഷൻ 17 ലക്ഷമായിരുന്നു. ഗ്രാമീണവീടുകളുടെ എണ്ണത്തിന്റെ 25 ശതമാനമായിരുന്നു കണക്ഷൻ. ഒന്നരവർഷം കൊണ്ട് 38 ലക്ഷം വീടുകളിൽ കണക്ഷൻ എത്തിക്കാൻ കഴിഞ്ഞു. 52 ശതമാനം വീടുകളിലേക്കും കുടിവെള്ള കണക്ഷൻ എത്തി. എല്ലാ വീട്ടിലും കുടിവെള്ള കുടിവെള്ള കണക്ഷൻ നൽകുകയാണ് ലക്ഷ്യം. ജലജീവൻ മിഷൻ കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ സംയോജിത പദ്ധതിയാണ്. സർക്കാരിന്റെ കാര്യക്ഷമതയാണ് പദ്ധതി നടത്തിപ്പിലുള്ളത്. 1243 കോടി രൂപയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതിയാണ് മലങ്കര കുടിവെള്ള പദ്ധതി. 2085 കിലോമീറ്റർ വിതരണ പൈപ്പ്‌ലൈൻ വരും. രൂക്ഷമായ കുടിവെള്ള ക്ഷാമം ലോകം നേരിടുകയാണ്. കുടിവെള്ളക്ഷാമം മുൻനിർത്തിയാണ് ജലജീവൻമിഷൻ സമ്പൂർണമായി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. ജില്ലയിൽ കുടിവെള്ള സ്രോതസുകൾ കുറവായതിനാലാണ് മലങ്കരഡാമിൽനിന്ന് വെള്ളം എത്തിക്കുന്നത്. കുടിവെള്ള ക്ഷാമം നേരിടുന്ന വേനൽക്കാലത്തും ശുദ്ധജലം എത്തിക്കുകയാണ് ലക്ഷ്യം. പദ്ധതി നടത്തിപ്പ് പ്രത്യേക സംഘം നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
സഹകരണ- രജിസ്‌ട്രേഷൻ വകുപ്പ്  മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. 42230 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതി യാഥാർഥ്യമാക്കുന്ന സർക്കാരിനെ മറക്കാൻ ജനങ്ങൾക്കാകില്ലെന്ന് മന്ത്രി പറഞ്ഞു. പറയുന്നത് പ്രവർത്തിക്കുകയും പ്രവർത്തിക്കാൻ കഴിയുന്നത് മാത്രം പറയുകയും ചെയ്യുന്ന ഒരു സർക്കാരാണ് ഇപ്പോഴുള്ളത്. മലയോര ഹൈവേ, തീരദേശ ഹൈവേ, വിഴിഞ്ഞം തുറമുഖം, ചങ്ങനാശേരി-ആലപ്പുഴ ഹൈവേ എന്നിങ്ങനെ നിരവധി മാതൃകാപരമായ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണി എം.പി. ആമുഖ പ്രഭാഷണവും സർക്കാർ ചീഫ് വിപ്പ്  ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണവും നടത്തി. എം.പിമാരായ ആന്റോ ആന്റണി, തോമസ് ചാഴികാടൻ, എം.എൽ. എമാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, മാണി സി. കാപ്പൻ, പാലാ നഗരസഭാധ്യക്ഷ ജോസിൻ ബിനോ, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കിയിൽ, ജിജി തമ്പി (കടനാട്), ബിജു സോമൻ (മേലുകാവ്), പി.എൽ. ജോസഫ് (മൂന്നിലവ്), അനുപമ വിശ്വനാഥ് (തലപ്പലം), സാജോ പൂവത്താനി (മീനച്ചിൽ), രജനി സുധാകരൻ (തലനാട്), കെ.സി. ജെയിംസ് (തീക്കോയി), ഗീത നോബിൾ (പൂഞ്ഞാർ), ജോർജ് മാത്യു (പൂഞ്ഞാർ തെക്കേക്കര), എ.എസ്. സിന്ധു (കൂട്ടിക്കൽ), വിജി ജോർജ് (തിടനാട്), ഷൈനി സന്തോഷ് (രാമപുരം), രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ പ്രൊഫ. ലോപ്പാസ് മാത്യു, ബെന്നി മൈലാടൂർ, സാജൻ ആലക്കളം, എം.ടി. കുര്യൻ, കേരള വാട്ടർ അതോറിറ്റി ദക്ഷിണമേഖല ചീഫ് എൻജിനീയർ നാരായണ നമ്പൂതിരി, വാട്ടർ അതോറിറ്റി ബോർഡംഗം ഷാജി പാമ്പൂരി, ടെക്നിക്കൽ മെമ്പർ ജി. ശ്രീകുമാർ,
എ.കെ.ഡബ്ലിയു.എ.ഒ. ജില്ലാ പ്രസിഡന്റ് എൻ.ഐ. കുര്യാക്കോസ്, ഇ.എഫ്.കെ.ഡബ്ലിയു.എ. പ്രസിഡന്റ് വി. ആദർശ് എന്നിവർ പങ്കെടുത്തു. സൗജന്യമായി ഭൂമി വിട്ടു നൽകിയവരെ ആദരിച്ചു. ജലജീവൻ മിഷൻ ക്വിസ് വിജയികൾക്കുള്ള സമ്മാനം വിതരണവും നടന്നു.

ജലഅതോറിറ്റിയുടെ ഏറ്റവും വലിയ പദ്ധതി

പദ്ധതി അടങ്കലിന്റെയും പദ്ധതി ഘടകങ്ങളുടെയും വിതരണശൃംഖലയുടെയുമെല്ലാം അടിസ്ഥാനത്തിൽ ജലഅതോറിറ്റി ഏറ്റെടുക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് മീനച്ചിൽ-മലങ്കര പദ്ധതി. 1243 കോടി രൂപയാണ് ചെലവ്.  ജലജീവൻ മിഷനു കീഴിൽ മലങ്കര ഡാം ജലസ്രോതസാക്കി പാലാ, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിൽപ്പെട്ട 13 പഞ്ചായത്തുകൾക്ക് പ്രയോജനം ലഭിക്കും. പദ്ധതിയിലൂടെ 2085 കിലോമീറ്റർ പൈപ്പ്‌ലൈനും 154 ടാങ്കുകളും സ്ഥാപിക്കും. പാലാ നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി 24525 കണക്ഷനും പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലായി 17705 കണക്ഷനും ഉൾപ്പെടെ 42230 കുടിവെള്ള കണക്ഷൻ പദ്ധതി വഴി നൽകാൻ കഴിയും. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ തിടനാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കൂട്ടിക്കൽ എന്നീ അഞ്ചു പഞ്ചായത്തുകൾക്കും പാലാ നിയോജക മണ്ഡലത്തിലെ കടനാട്, രാമപുരം, മേലുകാവ്, മൂന്നിലവ്, മീനച്ചിൽ, ഭരണങ്ങാനം, തലപ്പലം, തലനാട് എന്നീ എട്ടു പഞ്ചായത്തുകൾക്കുമായാണ് കുടിവെള്ള പദ്ധതി വിഭാവനം ചെയ്തത്. മലങ്കര ഡാമിന് സമീപം മുട്ടം വില്ലേജിലെ മാത്തപ്ലാറയിൽ ഫ്ളോട്ടിംഗ് പമ്പ് ഹൗസ് നിർമിച്ച് മലങ്കരഡാമിൽ നിന്ന്  പദ്ധതിക്കാവശ്യമായ ജലം പമ്പ് ചെയ്തു ശേഖരിക്കുന്നു. മുട്ടം വില്ലേജിൽ വള്ളിപ്പാറയ്ക്കു സമീപം  ബൂസ്റ്റിംഗ് സ്റ്റേഷൻ നിർമിച്ച് ഒരു ഘട്ടം കൂടി ബൂസ്റ്റ് ചെയ്ത് കടനാട് പഞ്ചായത്തിലെ നീലൂരിൽ സ്ഥാപിക്കുന്ന 45 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണശാലയിൽ എത്തിക്കുന്നു. ഇവിടെനിന്ന്  കുടിവെള്ളം വിവിധ പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യും. പദ്ധതി വഴി 13 പഞ്ചായത്തുകളിലെ നിലവിൽ കുടിവെള്ള കണക്ഷൻ ഇല്ലാത്ത എല്ലാ വീടുകളിലേക്കും ടാപ്പ് മുഖേന ശുദ്ധജലം എത്തിക്കും.
 

date