Skip to main content

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ 757 പുതിയ കുളങ്ങൾ നിർമിച്ചു: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ജലമയൂരം നീന്തൽക്കുളം ഉദ്ഘാടനം ചെയ്തു

2023 ഏപ്രിൽ മുതൽ ജൂൺ വരെ മാത്രം 4914.818 കിലോമീറ്റർ നീർച്ചാലുകളും 736 കുളങ്ങളും പുനരുജ്ജീവിപ്പിക്കുവാൻ ഹരിതകേരളം മിഷന് സാധിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് നമ്പികുളം ഏറ്റെടുത്ത് നവീകരിച്ച ജലമയൂരം നീന്തൽക്കുളവും പുതുതായി നിർമ്മിച്ച വിശ്രമകേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 757 പുതിയ കുളങ്ങൾ നിർമിച്ചമായും മന്ത്രി പറഞ്ഞു. ജലദൗർലഭ്യം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് തന്നെ ആദ്യമായി കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജലബജറ്റ് അവതരിപ്പിക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ജലമയൂരം നീന്തൽക്കുളവും വിശ്രമകേന്ദ്രവും പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിനും മാനസിക ഉല്ലാസത്തിനും ഏറെ സഹായകരമായ കേന്ദ്രമാവും. മുഴുവൻ ജനങ്ങൾക്കും അവരുടെ സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള പൊതു ഇടമായി ഇത് മാറുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.

കൊടൽ നടക്കാവ് വലവീട് പുത്തൻവീട് കുടുംബമാണ് ഉപയോഗശൂന്യമായിക്കിടന്ന നമ്പികുളം സൗജന്യമായി ജില്ലാ പഞ്ചായത്തിന് കൈമാറിയത്. 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കുളത്തിന് 27 മീറ്റർ നീളവും 15 മീറ്റർ വീതിയും 18 അടി താഴ്ചയുമുണ്ട്. ചുറ്റുമതിലുകളും രണ്ടിടത്തായി കുളിക്കടവുകളും കൂടാതെ വിശ്രമകേന്ദ്രവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുളം സംരക്ഷിക്കാനായി പരിപാലന കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി മുഖ്യാതിഥിയായി.  അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അശ്വതി ബി റിപ്പോർട്ട് അവതരിപ്പിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ജയപ്രശാന്ത്, സ്ഥിരം സമിതി അംഗങ്ങളായ എം സിന്ധു, മിനി പി, പി ബാബുരാജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജിത്ത് കാഞ്ഞോളി, ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു ഗംഗാധരൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ സ്വാഗതവും കുളം പരിപാലന സമിതി കൺവീനർ സച്ചിൻ കുമാർ നന്ദിയും പറഞ്ഞു.

date