Skip to main content

113 പുതിയ ചെറിയ കളിക്കളങ്ങൾ നിർമ്മിക്കും: മന്ത്രി വി അബ്ദുറഹ്‌മാൻ ; നടുവണ്ണൂർ വോളിബോൾ അക്കാദമി നാടിന് സമർപ്പിച്ചു

ഈ സാമ്പത്തിക വർഷം 113 പുതിയ ചെറിയ കളിക്കളങ്ങൾ നിർമ്മിക്കുമെന്ന് കായിക-ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. നടുവണ്ണൂർ വോളിബോൾ അക്കാദമി നാടിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ പഞ്ചായത്തുകളിലും ഓരോ കളിക്കളങ്ങൾ ഉണ്ടാവുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ പോവുകയാണ്. സർക്കാർ സംവിധാനത്തിൽ നിർമ്മിച്ച സംസ്ഥാനത്തെ മികച്ച ഇൻഡോർ സ്റ്റേഡിയങ്ങളിലൊന്നാണ് നടുവണ്ണൂരിലേതെന്നും മന്ത്രി പറഞ്ഞു.  
എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കളിസ്ഥലങ്ങൾ സ്ഥാപിക്കുന്നതിനായി തുക വിനിയോഗിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഓരോ പഞ്ചായത്തിലും കുറഞ്ഞത് അഞ്ച് കായിക പരിശീലകരെ വീതം നിയമിക്കാനും ഉത്തരവിറങ്ങിയിട്ടുണ്ട്. ഇതുവഴി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

കെ.എം സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു. എം കെ രാഘവൻ എം.പി മുഖ്യാതിഥിയായി. ടിപി രാമകൃഷ്ണൻ എംഎൽഎ ഉപകരണങ്ങൾ ഏറ്റുവാങ്ങി. അർജുന അവാർഡ് ജേതാവ് ടോം ജോസഫ് ഇൻഡോർ കോർട്ട് സമർപ്പണം നടത്തി.

കാവുന്തറയിലെ തെങ്ങിടപറമ്പിൽ വോളി അക്കാദമി വിലയ്ക്കു വാങ്ങിയ 75 സെന്റ് സ്ഥലത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് 10.63 കോടി രൂപ ചെലവിലാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. പഠനത്തിനൊപ്പം കുട്ടികൾ വോളിബോൾ കളിച്ച് വളരണമെന്ന നാടിന്റെ സ്വപ്നമാണ് കായിക വകുപ്പും സർക്കാരും സഫലമാക്കുന്നത്.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, വൈസ് പ്രസിഡന്റ് ടി. എം ശശി, സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ടി ആർ ജയചന്ദ്രൻ, മുൻ എംഎൽഎ പുരുഷൻ കടലുണ്ടി, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, വോളിബോൾ അക്കാദമി വർക്കിംഗ് പ്രസിഡണ്ട് ഇ. അച്യുതൻ നായർ, ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരൻ മാസ്റ്റർ സ്വാഗതവും വോളിബോൾ അക്കാദമി സെക്രട്ടറി കെ വി ദാമോദരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

date