Skip to main content

മേപ്പയ്യൂർ ഗവ. വിഎച്ച്എസ്എസിൽ സ്പോർട്സ് ഫെസിലിറ്റേഷൻ സെന്റർ ; കായികരംഗത്ത്  1700 കോടിയുടെ വികസനം നടപ്പിലാക്കുന്നു: മന്ത്രി വി അബ്ദുറഹിമാൻ

1700 കോടിയുടെ വികസനമാണ് കായികരംഗത്ത് സർക്കാർ നടപ്പിലാകുന്നതെന്ന് കായിക-ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്പോർട്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 800 കോടി രൂപയുടെ പ്രവൃത്തി പൂർത്തീകരിച്ചു. സംസ്ഥാനത്തെ ഒരു ഹയർസെക്കൻഡറി വിദ്യാലയത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച സൗകര്യമാണ് ഇവിടെ വിദ്യാർഥികൾക്ക് ലഭ്യമായിട്ടുള്ളത്. വിദ്യാർഥികൾ സ്‌പോട്‌സ് ഫെസിലിറ്റിറ്റേഷൻ സെന്ററും അനുബന്ധ സൗകര്യങ്ങളും പ്രയോജനപ്പെടുത്തണമെന്നും നല്ല രീതിയിൽ പരിചരിക്കണമെന്നും മന്ത്രി കൂട്ടി ചേർത്തു. സംസ്ഥാന വിദ്യാലയ മികവ് പുരസ്‌കാര വിതരണവും കായിക പ്രതിഭകൾക്കുള്ള അനുമോദനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ടി.ആർ ജയചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 6.43 കോടി രൂപ ചിലവിട്ടാണ് ഫെസിലിറ്റേഷൻ സെന്റർ ഒരുക്കിയത്. ആറുവരി സിന്തറ്റിക് ട്രാക്ക്, ഫുട്ബോൾ, വോളിബോൾ, ബാസ്‌കറ്റ് ബോൾ കോർട്ടുകൾ എന്നിവയാണ് ഫെസിലിറ്റേഷൻ സെന്ററിലുള്ളത്. മൂന്നു നിലകളിലായി മൾട്ടി ജിം, ഇൻഡോർ ഗെയിം ഏരിയ, ജമ്പിങ് പിറ്റ്, ഗെയിംസ് ഓഫീസ് എന്നിവയുമുണ്ട്.
യു.എസ്.എസ് വിജയികളെയും മാന്ത്രിക ശ്രേഷ്ഠ പുരസ്‌കാര ജേതാവ് ശ്രീജിത്ത് വിയ്യൂരിനേയും മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജനെയും ഉപഹാരം നൽകി ആദരിച്ചു. വി.എച്ച്.എസ്.ഇ ഉന്നത വിജയികൾക്കുള്ള ഉപഹാരസമർപ്പണം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്‌കരൻ കൊഴുക്കല്ലൂർ നിർവ്വഹിച്ചു. കായിക രംഗത്ത് നിസ്വാർഥ സേവനം അനുഷ്ഠിച്ച അധ്യാപകരെ കേരള സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് ടി.പി ദാസൻ ചടങ്ങിൽ ആദരിച്ചു. സ്‌കൂൾ സ്‌പോർട്‌സ് അക്കാദമി ജേഴ്സി വിതരണം മേപ്പയ്യൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബാലൻ മാസ്റ്റർ പുതിയോട്ടിൽ എസ്.എം.സി ചെയർമാൻ ഇ.കെ ഗോപിക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി ശോഭ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ എ.പി, ഗ്രാമപഞ്ചായത്ത് അംഗം പി. പ്രശാന്ത്, പി.ടി.എ വൈസ് പ്രസിഡന്റ് എം.എം അഷ്റഫ്, പ്രിൻസിപ്പൽ എച്ച്.എം നിഷിദ്. കെ, അഡീഷണൽ എച്ച്.എം സന്തോഷ് സാദരം, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ അർച്ചന.ആർ, സ്റ്റാഫ് സെക്രട്ടറി ഇ. പ്രകാശൻ, കായികാധ്യാപകൻ സമീർ പി എവിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ എം. സക്കീർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ദിനേശ് പാഞ്ചേരി നന്ദിയും പറഞ്ഞു.

date