Skip to main content

വിവരാവകാശ കമ്മീഷൻ തെളിവെടുപ്പ്:  24 പരാതികൾ പരിഗണിച്ചു

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്കായി സംസ്ഥാന വിവരാവകാശ കമ്മീഷൻ നടത്തിയ തെളിവെടുപ്പിൽ 24 പരാതികൾ പരിഗണിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷണർ എ. അബ്ദുൽ ഹക്കീമിന്റെ നേതൃത്വത്തിൽ കുന്ദമംഗലം കാരന്തൂർ മർകസ് ഇൻസസ്ട്രിയൽ ട്രെയിനിംഗ് കേന്ദ്രത്തിലാണ് തെളിവെടുപ്പ് നടന്നത്. ഹൗസിങ് ബോർഡിൽ അനന്തരാവകാശികൾക്ക് കൈമാറാനുള്ള വിവരങ്ങൾ സംബന്ധിച്ച രേഖ ഉൾപ്പെടെ നാല് കേസുകളിൽ കമ്മീഷൻ തൽക്ഷണം വിവരങ്ങൾ ലഭ്യമാക്കി.
വനം വകുപ്പിൽ നിന്നും വിരമിക്കുകയോ സ്ഥലം മാറിപ്പോവുകയോ ചെയ്യുന്ന ഓഫീസ് മേധാവി തന്റെ പിൻഗാമിക്ക് കേരള ഫോറസ്റ്റ് കോഡ് ചട്ടം 6-2-2 പ്രകാരം നൽകേണ്ട നിർബന്ധിത രേഖയയ നോട്ട് ടു സക്‌സസർ വയനാട് ജില്ലയിലെ ഫോറസ്റ്റ് ഓഫീസിൽ നിന്ന് കോഴിക്കോട് സ്വദേശി ആവശ്യപ്പെട്ടത് 14 ദിവസത്തിനകം ലഭ്യമാക്കാൻ കമ്മീഷൻ നിർദേശിച്ചു. കോഴിക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ പരാതിക്കാരി ആവശ്യപ്പെട്ട രേഖ 14 ദിവസത്തിനകം സൗജന്യമായി ലഭ്യമാക്കണം. ഉണ്ണികുളം ഗ്രാമപഞ്ചയത്തിൽ ഫയലിലുണ്ടായിട്ടും ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരുന്ന വിവരാവകാശ ഓഫീസർക്കെതിരെ ചട്ടം 20-1 പ്രകാരം നടപടിയെടുത്ത് കാരണം കാണിക്കൽ നോട്ടീസ് നൽകും.
ചേളന്നൂർ സബ് രജിസ്ട്രാർ ഓഫീസിൽ പരാതിക്കാരൻ നൽകിയ അപേക്ഷയിൽ വിവരാവകാശ ഓഫീസർ നൽകിയ മറുപടി ചട്ടവിരുദ്ധമാണെന്ന് കണ്ട് നടപടിയെടുത്ത് കാരണം കാണിക്കൽ നോട്ടീസ് നൽകും. കോഴിക്കോട് സബ് ട്രഷറി ഓഫീസ്, കെ ഡി സി ബാങ്ക്, എന്നിവക്കെതിരെ സമർപ്പിച്ച പരാതിയിൽ ഹരജിക്കാരന്റെ പെൻഷൻ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കി 14 ദിവസത്തിനകം രേഖകൾ നൽകാൻ ഉത്തരവായി.
കമ്മീഷൻ ഹിയറിങ്ങിൽ നിന്ന് വിട്ട് നിന്ന അരികുളം ഗ്രാമപഞ്ചായത്ത് എസ് പി ഐ ഓ യോട് തിരുവനന്തപുരത്തെ കമ്മീഷൻ ഓഫീസിൽ ഹാജരാകാൻ സമൻസ് അയക്കാനും ഉത്തരവായി. ഹിയറിങ്ങിൽ ഹാജരാകാതിരുന്ന കോഴിക്കോട് തഹസിൽദാർക്കും സമൻസ് അയക്കും. കോഴിക്കോട് സെന്റ് ജോസഫ് കോളേജിലെ മുൻ വിദ്യാർത്ഥി ആവശ്യപ്പെട്ടിട്ട് വിവരങ്ങൾ ഉണ്ടായിട്ടും നൽകാതിരുന്ന എസ് പി ഐ ഓയുടെ നടപടിയെ കമ്മീഷൻ വിമർശിച്ചു. ഒരാഴ്ചക്കകം മുഴുവൻ രേഖകളും സൗജന്യമായി ഹരജിക്കാരന് ലഭ്യമാക്കാൻ കമ്മീഷൻ നിർദേശിച്ചു.  

വിവരാവകാശ നിയമപ്രകാരം അധികം ഫീസ് ഒടുക്കാൻ അപേക്ഷകർക്ക് നിർദേശം നൽകിയ ജില്ലയിലെ രജിസ്ട്രേഷൻ, റവന്യൂ ഓഫീസുകളിലെ നടപടി ശരിയല്ലെന്ന് കമ്മീഷൻ പറഞ്ഞു. വിവരാവകാശ നിയമപ്രകാരമുള്ള ചട്ടങ്ങളില്ലാത്ത ഫീസ് ആവശ്യപ്പെടാൻ ഉണ്ടായ സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ രജിസ്ട്രാർ ഓഫീസിലെയും കോഴിക്കോട് താലൂക്ക് ഓഫീസിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനും തീരുമാനിച്ചു. വ്യാപാര വ്യവസായ സംരംഭങ്ങളുടെ പ്രവർത്തനത്തിലെ മത്സര സ്വഭാവത്തെ വിഘാതമായി ബാധിക്കുമെന്ന ഘട്ടത്തിൽ വിവരം നൽകേണ്ടതില്ലെന്നും ജില്ലയിലെ ജി എസ് ടി സംബന്ധിച്ച പരാതിയിൽ കമ്മീഷൻ പറഞ്ഞു.

വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് കൃത്യസമയത്തിനകം മറുപടി നൽകാതിരിക്കുന്ന കേസുകളിൽ ഒന്നാം അപ്പീൽ അധികാരികളായ മേൽ ഓഫീസർമാർ ഇടപെട്ട് സമയബന്ധിതമായി വിവരം ലഭ്യമാക്കണം. അങ്ങനെ ചെയ്യാതിരിക്കുന്നതിനാലാണ് കമ്മീഷനിലേക്ക് കൂടുതൽ പരാതികളെത്തുന്നത്. അത്തരം ഘട്ടങ്ങളിൽ ഒന്നാം അപ്പീൽ അധികാരികൾക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.  

രേഖകൾ നൽകാതിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. വിവരാവകാശ അപേക്ഷകൾ മറുപടി നൽകാനോ പരിശോധിക്കാനോ വേണ്ടി 30 ദിവസം കാത്തുവെക്കുന്നത് ശരിയല്ല. ഒരു പൗരന്റെ ജീവനെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാണെങ്കിൽ 48 മണിക്കൂറിനകവും അല്ലാത്ത കേസുകളിൽ പരമാവധി വേഗത്തിലും വിവരം ലഭ്യമാക്കണമെന്നും വിവരാവകാശ കമ്മീഷണർ പറഞ്ഞു.
 

date