Skip to main content

ചാലിയാറിൽ രണ്ടാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് ഒക്ടോബർ 24ന്

സംസ്ഥാന ടൂറിസം വകുപ്പ് ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിക്കുന്ന രണ്ടാമത് വള്ളംകളി ലീഗായ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരങ്ങൾ ഒക്ടോബർ 24ന് 2.30 മുതൽ ചാലിയാർ പുഴയിൽ നടക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം.കെ രാഘവൻ എം.പി. കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, കെടിഐഎൽ ചെയർമാൻ എസ്.കെ സജീഷ്, ഒഡിഇപിസി ചെയർമാൻ  അനിൽ കുമാർ എന്നിവർ മുഖ്യാതിഥികളാകും.
ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സി.ബി.എൽ മത്സരങ്ങൾ ചാലിയാർ പുഴയിൽ ഫറോക്ക് പുതിയ പാലത്തിനും പഴയ പാലത്തിനും ഇടയിലാണ് നടത്തുന്നത്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 60 അടി നീളമുള്ള 12 ചുരുളൻ വള്ളങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുക. ഒരു വള്ളത്തിൽ 30 തുഴച്ചിലുകാർ ഉണ്ടായിരിക്കും. 20 ലക്ഷം രൂപയാണ് മൊത്തം സമ്മാന തുക. സമ്മാനദാനം വൈകുന്നേരം അഞ്ച് മണിക്ക്് നടക്കും.
മത്സരത്തിൽ വയൽക്കര മയിച്ച, എ.കെ.ജി മയിച്ച, ശ്രീ വിഷ്ണുമൂർത്തി കുറ്റിവയൽ, ശ്രീ വയൽക്കര വെങ്ങാട്ട്, ഇ.എം.എസ് മുഴക്കീൽ, റെഡ്സ്റ്റാർ കാര്യംകോട്, പാലിച്ചോൻ അച്ചാംതുരുത്തി (എ) ടീം, പാലിച്ചോൻ അച്ചാംതുരുത്തി (ബി) ടീം,  എ.കെ.ജി പൊടോത്തുരുത്തി(എ) ടീം, എ.കെ.ജി പൊടോത്തുരുത്തി(ബി) ടീം, കൃഷ്ണപിള്ള കാവുംചിറ (എ) ടീം, കൃഷ്ണപിള്ള കാവുംചിറ (ബി) ടീം, നവോദയ മംഗലശ്ശേരി, മേലൂർ സുഗുണൻ മാസ്റ്റർ സ്മാരക ക്ലബ് എന്നീ ടീമുകൾ പങ്കെടുക്കും. വള്ളംകളിയുടെ ഇടവേളകളിൽ ജലാഭ്യാസ പ്രകടനങ്ങളും കലാപരിപാടികളും അരങ്ങേറും

date