Skip to main content

കുട്ടികൾക്ക് ചലച്ചിത്രോത്സവവുമായി എസ്.എസ്.കെ

 

 

സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. സാംസ്‌കാരിക ഉന്നമനം എളുപ്പത്തിൽ സാധ്യമാകുന്ന മാധ്യമം എന്ന നിലയിൽ കലാമൂല്യമുള്ള സിനിമകളും, ഡോക്യുമെന്ററികളും, ഹ്രസ്വ സിനിമകളും കുട്ടികൾക്ക് കാണാനും, ആസ്വദിക്കാനും അവസരം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. 

 

ഭാഷാപഠനത്തിന് പിന്തുണ നൽകുന്നതോടൊപ്പം സിനിമയുടെ ശാസ്ത്രീയ സങ്കേതങ്ങളും കുട്ടികളെ പരിചയപ്പെടുത്തുക, ഉദാത്തമായ മാനുഷിക മൂല്യങ്ങളും, ജീവിത വീക്ഷണവും ആവിഷ്‌കരിക്കുന്ന കലാമൂല്യമുള്ള സിനിമകൾ ആസ്വദിക്കാനുള്ള അവസരം ലഭ്യമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി സ്‌കൂളുകളിൽ കുട്ടികളുടെ സിനിമ ക്ലബ്ബുകൾ രൂപീകരിക്കുകയും സ്‌കൂൾതല ചലച്ചിത്രോത്സവം നടത്തുകയും ചെയ്യും. 

 

സ്‌കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ ഉൾപ്പെടുത്തിയാണ് ബി ആർ സി തല ചലച്ചിത്രോത്സവം സംഘടിപ്പിക്കുക. സിനിമാ പ്രദർശനത്തിന് ശേഷം മേഖലയിലെ പ്രമുഖരുമായി സംവദിക്കാനുള്ള ഓപ്പൺ ഫോറങ്ങളും ഉണ്ടാകും. ബി.ആർ.സികളിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കായി ജില്ലാതല ചലച്ചിത്രോത്സവവും സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. എ.കെ. അബ്ദുൾഹക്കീം അറിയിച്ചു. ചലച്ചിത്രോത്സവം നടത്തിപ്പിനായി ആറ് ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

 

date