Skip to main content

ചാമ്പ്യൻസ് ബോട്ട് ലീഗ് ഒക്ടോബർ 24ന് ;  മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യും 

 

 

ചലച്ചിത്രതാരം ആസിഫ് അലി മുഖ്യാതിഥിയാവും 

 

സംസ്ഥാന ടൂറിസം വകുപ്പ് ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിക്കുന്ന രണ്ടാമത് വള്ളംകളി ലീഗായ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരങ്ങൾ ഒക്ടോബർ 24ന് 2.30 മുതൽ ചാലിയാർ പുഴയിൽ നടക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് ടൂറിസം ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.

 

എം.കെ രാഘവൻ എം.പി, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, സച്ചിൻ ദേവ്, പിടിഎ റഹീം, മേയർ ഡോ. ബീന ഫിലിപ്പ്, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, കെടിഐഎൽ ചെയർമാൻ എസ്.കെ സജീഷ്, ഒഡിഇപിസി ചെയർമാൻ  അനിൽ കുമാർ എന്നിവർ മുഖ്യാതിഥികളാകും. ജനപ്രതിനിധികൾ, സാംസ്കാരിക നായകന്മാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സി.ബി.എൽ മത്സരങ്ങൾ ചാലിയാർ പുഴയിൽ ഫറോക്ക് പുതിയ പാലത്തിൽ നിന്നും ആരംഭിച്ച് പഴയ പാലത്തിനു സമീപത്തായി അവസാനിക്കുന്ന രീതിയിലാണ് നടത്തുന്നത്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 60 അടി നീളമുള്ള 12 ചുരുളൻ വള്ളങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുക. കൂടാതെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള ചെറുവണ്ണൂർ പൗരസമിതിയുടെ വള്ളത്തിന്റെ പ്രദർശനവും ഉണ്ടായിരിക്കും. ഒരു വള്ളത്തിൽ 30 തുഴച്ചിലുകാർ ഉണ്ടായിരിക്കും. മൂന്ന് ഹീറ്റ്സ് മത്സരങ്ങളും അതിൽ നിന്നും സമയക്രമം അനുസരിച്ച് മൂന്ന് ഫൈനലുകളും നടക്കും. 20 ലക്ഷം രൂപയാണ് മൊത്തം സമ്മാന തുക. സമ്മാനദാനം വൈകുന്നേരം അഞ്ച് മണിക്ക് നടക്കും.

മത്സരത്തിൽ ന്യൂ ബ്രദേഴ്സ് വയൽക്കര മയ്യിച്ച, എ.കെ.ജി മയ്യിച്ച, ശ്രീ വിഷ്ണുമൂർത്തി കുറ്റിവയൽ, ശ്രീ വയൽക്കര വെങ്ങാട്ട്, ഇ.എം.എസ് മുഴക്കീൽ, റെഡ്സ്റ്റാർ കാര്യംകോട്, എ.കെ.ജി പൊടോത്തുരുത്തി (എ) ടീം, എ.കെ.ജി പൊടോത്തുരുത്തി (ബി) ടീം, കൃഷ്ണപിള്ള കാവുംചിറ (എ) ടീം, കൃഷ്ണപിള്ള കാവുംചിറ, നവോദയ മംഗലശ്ശേരി എന്നീ ടീമുകൾ പങ്കെടുക്കും. വള്ളംകളിയുടെ ഇടവേളകളിൽ ജലാഭ്യാസ പ്രകടനങ്ങളും കലാപരിപാടികളും അരങ്ങേറും.

 

ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ ഡിടിപിസി സെക്രട്ടറി ഡോ. നിഖിൽ ദാസ്, സി ബി എൽ സംഘാടകസമിതി കൺവീനർ രാധാഗോപി, ചെയർമാൻ കെ ഷഫീക്ക് എന്നിവർ സംസാരിച്ചു. 

date