Skip to main content

റെയ്സ് ടു ഹെല്‍ത്ത് : രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ഇടുക്കി ജില്ലയില്‍ യുവജനങ്ങളുടെ സഹകരണത്തോടെ ജില്ലാ ആരോഗ്യവകുപ്പും ആരോഗ്യകേരളവും ജീവിതശൈലി രോഗനിയന്ത്രണ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ആരംഭം കുറിച്ച മയക്കുമരുന്നിനെതിരെയുളള കാമ്പയ്ന്‍ ' റെയ്സ് ടു ഹെല്‍ത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജില്ലയിലെ ആദ്യ ബ്ലോക്ക് തല പരിപാടി മുട്ടം ആരോഗ്യബ്ലോക്കിന്റെ നേതൃത്വത്തില്‍ മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജില്‍ നടന്നു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു കാമ്പയ്ന്‍ ഉദ്ഘാടനം ചെയ്തു. അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കെ.എസ് അധ്യക്ഷത വഹിച്ചു. ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗീസ് എസ് വിഷയാവതരണം നടത്തി. ഡി. എം. എച്ച് പി കോഓര്‍ഡിനേറ്റര്‍ ഷൈന്‍ ജോസ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. പരിപാടിയോടനുബന്ധിച്ച് കോളേജിലെ എം.എസ് ഡബ്ലു വിദ്യാര്‍ഥികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി ബ്ലോക്കിന് കീഴിലുളള കോളേജുകള്‍ തമ്മില്‍ ഫുട്‌ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍ മത്സരവും നടത്തി. പരിപാടിയില്‍ മുട്ടം ബ്ലോക്കിന് കീഴിലുള്ള വിവിധ കോളേജുകള്‍ക്ക് റെയ്സ് ടു ഹെല്‍ത്ത് ഫ്‌ലാഗ് കൈമാറി.
ഇടുക്കി ജില്ലയിലെ എല്ലാ ആരോഗ്യബ്ലോക്കുകളിലും നടക്കുന്ന കാമ്പയ്‌നില്‍ അതത് മേഖലയിലെ സര്‍ക്കാര്‍- സ്വകാര്യ കോളേജുകള്‍ എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ പങ്കാളിയാകും. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തലത്തില്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ലഹരി ജീവിതത്തില്‍ ബാധിക്കുന്ന വിവിധ തലങ്ങളെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സുകളും ജീവിതശൈലിരോഗ നിര്‍ണ്ണയ പരിശോധനയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടക്കും. കൂടാതെ ജില്ലയിലെ എല്ലാ കോളേജുകളിലും ലഹരി മുക്ത കൊടികള്‍ ഉയര്‍ത്തുകയും ലഹരിക്കെതിരായ ബോധവല്‍ക്കരണ ഗ്രാഫിറ്റി വാള്‍പെയിന്റിംഗും നടക്കും.
വിദ്യാര്‍ഥികളുടെ ഇടയില്‍ കായിക വിനോദങ്ങളിലൂടെ ലഹരിക്കെതിരായ ബോധവല്‍ക്കരണം സൃഷ്ടിക്കുക എന്നതിനൊപ്പം ശാരീരികാധ്വനത്തിന്റെ പ്രാധാന്യം അറിയിക്കുക എന്നതും കായിക മത്സരങ്ങളിലൂടെ ലക്ഷ്യമിടുന്നുണ്ട്്. കൂടാതെ കോളേജ് തല പോസ്റ്റര്‍, രചന മത്സരവും സാമൂഹികമാധ്യമങ്ങള്‍ക്കായുളള റീല്‍സ്‌മെക്കിംഗ് മത്സരവും, ഡിജിറ്റല്‍ പോസ്റ്റര്‍ രചന മത്സരവും നടത്തും. ബ്ലോക്കുതലത്തില്‍ വിജയികളാകുന്ന ടീമിന് ഡിസംബര്‍ മാസത്തില്‍ ഇടുക്കി ജില്ലാതല സമാപന പരിപാടിയില്‍ പങ്കെടുക്കുന്നതിനുളള അവസരം ഉണ്ടായിരിക്കും .
പരിപാടിയില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പൊന്നാട്ട്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിജു എം. കെ, അറക്കുളം പഞ്ചായത്ത് മെമ്പര്‍ കൊച്ചുറാണി ജോസ്, മുട്ടം ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സരള എ.സി,അറക്കുളം മെഡിക്കല്‍ ഓഫീസര്‍ ഡോ.ചിന്റു ടോജന്‍, ഡോ. പ്രിന്‍സ് കെ മറ്റം പ്രിന്‍സിപ്പല്‍ ഫാദര്‍ തോമസ് ജോര്‍ജ്, കോളേജുകളിലെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date