Skip to main content

അംബേദ്കർ ഗ്രാമ വികസന പദ്ധതി: എടത്തല പഞ്ചായത്തിൽ കോളനികളുടെ നവീകരണത്തിന് തുടക്കമായി

പട്ടികജാതി കോളനികളിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി എടത്തല പഞ്ചായത്തിലെ രണ്ട് കോളനികളിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 15-ാം വാർഡിലെ എരുമത്തലമൂല, ആറാം വാർഡിലെ പ്രിയദർശിനി എന്നീ പട്ടികജാതി  കോളനികളാണ് പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നത്.

പട്ടികജാതി വികസന വകുപ്പിന്റെയും  തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എരുമത്തല മൂല കോളനിയിൽ ഒരു കോടി രൂപയുടെയും പ്രിയദർശിനി കോളനിയിൽ 50 ലക്ഷം രൂപയുടെയും പുനരുദ്ധാരണ  പ്രവർത്തനങ്ങളാണ്  നടപ്പാക്കുക. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള  പട്ടികജാതി കുടുംബങ്ങളാണ്  ഇരു കോളനികളിലും  താമസിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി കോളനിയിലെ വീടുകൾ അറ്റകുറ്റപ്പണി നടത്തി നവീകരിക്കും. റോഡുകളുടെ നവീകരണം, ശുചിമുറി നിർമ്മാണം , കോളനിയിലേക്ക്  കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ, വഴിവിളക്ക് സ്ഥാപിക്കൽ, കനാൽ ഭിത്തി നിർമ്മാണം, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കും. 

മുപ്പതോ അതിലധികമോ പട്ടികജാതി കുടുംബങ്ങൾ വസിക്കുന്ന കോളനികളെയാണ് അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്. ഓരോ നിയോജകമണ്ഡലത്തിലും  എം എൽ എ മാരാണ്  അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കേണ്ട കോളനികളെ തെരഞ്ഞെടുക്കുന്നത്. ഒരുവർഷം രണ്ട് കോളനികളെ വീതം പദ്ധതിക്കായി തെരഞ്ഞെടുക്കാം.

date