Skip to main content

മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രം @ 50

*സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ (ഒക്ടോബര്‍ 27) റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും*

അര നൂറ്റാണ്ടിന്റെ മികവില്‍ മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രം. കശുമാമ്പഴ സംസ്‌കരണത്തിലും ഉല്‍പ്പന്ന നിര്‍മ്മാണത്തിലും ദേശീയതലത്തില്‍ ശ്രദ്ധ നേടിയിട്ടുള്ള കേന്ദ്രമാണ് മാടക്കത്തറയിലേത്. 1973 ലാണ് കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ കശുമാവ് ഗവേഷണ കേന്ദ്രം മാടക്കത്തറയില്‍ സ്ഥാപിതമാകുന്നത്.

കശുമാവ് കൃഷിയില്‍ ശാസ്ത്രീയ രീതികള്‍ ചിട്ടപ്പെടുത്തിപ്പെടുത്തിയതില്‍ മാടക്കത്തറ കേന്ദ്രത്തിന്റെ സംഭാവനകള്‍ വലുതാണ്.പല ദേശങ്ങളില്‍ നിന്നുള്ള കശുമാവിലെ മികച്ച ജനുസ്സുകളെ നാട്ടില്‍ എത്തിച്ച് അത്യുല്‍പ്പാദന ശേഷിയുള്ള ഇനങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് പ്രചരിപ്പിക്കുന്നതിനും കേന്ദ്രം മുന്‍കൈ എടുത്തിട്ടുണ്ട്. കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് 17 കശുമാവിനങ്ങള്‍ പുറത്തിറക്കിയതില്‍ 10 ഇനങ്ങളും മാടക്കത്തറ കേന്ദ്രത്തിന്റെ സംഭാവനയാണ്. ഏറ്റവും ഒടുവിലായി പുറത്തിറക്കിയ കുള്ളന്‍ കശുമാവിനം 'നീഹാര' ഇന്ത്യയില്‍ തന്നെ ആദ്യത്തെ കുള്ളന്‍ ഇനമാണ്. ശാസ്ത്രലോകം ഉറ്റു നോക്കുന്ന അത്യുല്‍പ്പാദന ശേഷിയുള്ള കുള്ളന്‍ ഇനങ്ങളുടെ താരതമ്യ പഠനവും ഈ കേന്ദ്രത്തില്‍ നടക്കുന്നു.

പരിമിതമായ കൃഷിസ്ഥലമുള്ള കേരളത്തില്‍ ഏറെ സാധ്യതയുള്ള അതിസാന്ദ്രതാ കൃഷി രീതി ചിട്ടപ്പെടുത്താനുള്ള പരീക്ഷണവും പുരോഗമിക്കുകയാണ്. കുറഞ്ഞ ഇടയകലത്തിലുള്ള ഈ കൃഷിരീതിയില്‍ യൂണിറ്റ് ഭൂമിയില്‍ നിന്നുമുള്ള ഉല്‍പ്പാദനം മെച്ചപ്പെടുത്താനാകും എന്ന മേന്‍മയുമുണ്ട്.

അധിക ലാഭമുള്ള മറ്റ് നാണ്യ വിളകള്‍ക്കു വേണ്ടി കശുമാവിന് വഴി മാറേണ്ടി വന്നെങ്കിലും 80-90 കാലങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുവാനും ദേശീയ തലത്തിലുള്ള പദ്ധതികള്‍ ഉള്‍പ്പെടെ നടപ്പിലാക്കാനും മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രത്തിന് സാധ്യമായിട്ടുണ്ട്.

സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 27) റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ കശുമാവ് ഗവേഷണ കേന്ദ്രത്തില്‍ നിര്‍വഹിക്കും. രാവിലെ 11.30 ന് നടക്കുന്ന പരിപാടിയില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. എ സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും.

പരിശീലന ക്ലാസുകള്‍, സെമിനാറുകള്‍, ചര്‍ച്ചാ ക്ലാസുകള്‍, പൂര്‍വ്വസൂരി സംഗമം എന്നിവയും സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കും. കശുമാവ് കൃഷി ഉത്പ്പന്ന സംസ്‌കരണം-സാധ്യതകളും പുത്തന്‍ പ്രവണതകളും എന്ന വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നുണ്ട്.

date