Skip to main content

പൊന്മുടി മലനിരകളെ ആവേശത്തിലാഴ്ത്തി സൈക്ലിങ് ചാമ്പ്യൻഷിപ്പ്

ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾക്ക് പൊന്മുടിയിൽ തുടക്കമായി. ഡി.കെ മുരളി എം.എൽ.എ മത്സരം ഫ്‌ളാഗ് ഓഫ് ചെയ്തു. ക്രോസ്‌കൺട്രി റിലെ മത്സരത്തിൽ ആദ്യ സ്വർണം ചൈന സ്വന്തമാക്കി. ജപ്പാൻ വെള്ളിയും കസാക്കിസ്ഥാൻ വെങ്കലവും സ്വന്തമാക്കി. ഒൻപത് രാജ്യങ്ങൾ പങ്കെടുത്ത ഫൈനലിൽ ഇന്ത്യ ഏഴാമതായാണ് ഫിനിഷ് ചെയ്തത്.

വെള്ളിയാഴ്ച (ഒക്ടോബർ 27) ചാമ്പ്യൻഷിപ്പിലെ ആവേശകരമായ എലൈറ്റ് വിഭാഗം ഡൗൺഹിൽ മത്സരങ്ങളുടെ ഫൈനൽ നടക്കും. ഉച്ചക്ക് ശേഷം രണ്ടു മണി മുതൽ മൂന്ന് മണി വരെ വനിത വിഭാഗത്തിന്റെയും മൂന്ന് മുതൽ നാല് വരെ പുരുഷന്മാരുടെ എലൈറ്റ് ഡൗൺഹിൽ ഫൈനലും നടക്കും. വിജയികളാകുന്നവർക്ക് 2024ലെ പാരിസ് ഒളിമ്പിക്‌സിലേക്ക് യോഗ്യത ലഭിക്കും.

ശനിയാഴ്ച (ഒക്ടോബർ 28) ആറ് ഫൈനലുകളുണ്ട്. അണ്ടർ 23, ജൂനിയർ വിഭാഗം പുരുഷന്മാരുടെയും വനിതകളുടെയും ക്രോസ് കൺട്രി ഒളിമ്പിക് ഫൈനലുകളും എലൈറ്റ് വിഭാഗം പുരുഷന്മാരുടെയും വനിതകളുടെയും ക്രോസ് കൺട്രി ഒളിമ്പിക് ഫൈനലുകളുമാണ് നടക്കുന്നത്.

വിജയികൾക്ക് നേപ്പാൾ സൈക്ലിങ് അസോസിയേഷൻ പ്രസിഡന്റ് ഗോപാൽ സുന്ദർലാൽ കശ്യപതിയും സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ട്രഷററും കേരള സൈക്ലിങ് അസോസിയേഷൻ പ്രസിഡന്റുമായ എസ്.എസ്. സുധീഷ്‌കുമാറും ചേർന്ന് മെഡലുകൾ സമ്മാനിച്ചു.

date