Skip to main content

നവകേരള സദസ്സ്: ആറ്റിങ്ങൽ മണ്ഡലത്തിൽ സംഘാടക സമിതിയായി

*ഡിസംബർ 21ന് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ

നവകേരള നിർമിതിക്കായുള്ള നവകേരള സദസ്സിന്റെ ഭാഗമായി ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ സംഘാടകസമിതി രൂപീകരിച്ചു. മാമം പൂജ കൺവെൻഷൻ സെന്ററിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗം ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. സമാനതകളില്ലാത്ത വികസനമാണ് കേരളത്തിൽ നടക്കുന്നതെന്നും കേരള ചരിത്രത്തിൽ തന്നെ ആദ്യമായാണ് ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ചെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കക്ഷി-രാഷ്ട്രീയ, ജാതി-മതഭേദമന്യേ നവകേരളസദസ്സ് എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിച്ച് അണിനിരത്തുകയാണെന്നും പുതിയ വികസന സംസ്‌കാരം കെട്ടിപ്പടുക്കാനുള്ള ശ്രമമാണിതെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങൾക്കൊപ്പം അതത് നിയോജക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരേയും നവകേരളസദസ്സിന്റെ ഭാഗമാക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒ.എസ് അംബിക എം.എൽ.എ ചെയർപേഴ്‌സണായും ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) ചെറുപുഷ്പജ്യോതി.ജെ കൺവീനറുമായുള്ള സംഘാടകസമിതിയാണ് നിലവിൽ വന്നത്. ജനപ്രതിനിധികൾ ചെയർമാനായും ഉദ്യോഗസ്ഥർ കൺവീനർമാരുമായി ഏഴ് സബ് കമ്മിറ്റികൾക്കും യോഗത്തിൽ രൂപം നൽകി. പഞ്ചായത്ത് തല യോഗങ്ങൾ നവംബർ രണ്ട് മുതൽ നാല് വരെ നടത്താൻ യോഗത്തിൽ തീരുമാനമായി.

ഡിസംബർ 21 ഉച്ചയ്ക്ക് മൂന്നിനാണ് ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സ്. മാമം മൈതാനമാണ് വേദിയാകുന്നത്. അന്നേദിവസം രാവിലെയുള്ള പ്രഭാതയോഗവും ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലാണ് നടക്കുന്നത്. രാവിലെ 9ന് പൂജകൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രഭാതയോഗത്തിൽ ആറ്റിങ്ങൽ, നെടുമങ്ങാട്, ചിറയിൻകീഴ്, വാമനപുരം മണ്ഡലങ്ങളിലെ പ്രമുഖവ്യക്തികൾ പങ്കെടുക്കും.   

ഒ.എസ് അംബിക അധ്യക്ഷയായിരുന്ന യോഗത്തിൽ ബ്ലോക്ക്-പഞ്ചായത്ത് തല ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

date