Skip to main content

മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം: ജില്ലാ സാനിട്ടേഷന്‍ സമിതി

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്തം നവകേരളം കാമ്പയിനുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും മാലിന്യ സംസ്‌കരണ മേഖലയില്‍ ഏര്‍പ്പെടുത്തേണ്ട സംവിധാനങ്ങള്‍ നവംബര്‍ ഒന്നിനകം ഉറപ്പാക്കണമെന്ന് ജില്ലാ സാനിട്ടേഷന്‍ സമിതി അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണ മേഖലയില്‍ ഏറ്റെടുത്തിട്ടുളള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. മുഴുവന്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ്മസേന വഴി ഖരമാലിന്യ ശേഖരണം ഉറപ്പാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എ.ഡി.എം എസ്. സന്തോഷ് കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. 

എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഓഫീസ് മേലധികാരി ഉറപ്പുവരുത്തണം. ഇതു സംബന്ധിച്ച സത്യപ്രസ്താവന ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കണം. വ്യാപാര സ്ഥാപനങ്ങളില്‍ ജൈവ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് പച്ച, നീല നിറത്തിലുള്ള ബിന്നുകള്‍ സ്ഥാപിക്കണം. സ്ഥാപനങ്ങളുടെ പരിസരം വൃത്തിയായി സൂക്ഷിക്കണം. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുളള നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ജില്ലാതലത്തില്‍ നവംബര്‍ ഒന്നു മുതല്‍ പരിശോധന നടത്താനും സര്‍ക്കാര്‍ ഓഫീസുകളില്‍ ഉള്‍പ്പടെയുളള നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനും യോഗത്തില്‍ തീരുമാനിച്ചു.  

യോഗത്തില്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കവിത, ജില്ലാ പ്ലാനിങ്ങ്് ഓഫീസര്‍ എം.പി. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ്, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date