Skip to main content

എന്‍ ആര്‍ ഐ സമ്മിറ്റ്: മുന്നൊരുക്കങ്ങൾ വിലയിരുത്തി

 

 

പ്രവാസി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി നടത്തുന്ന കണ്ണൂര്‍ എന്‍ ആര്‍ ഐ സമ്മിറ്റിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന  യോഗത്തിൽ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. തുടർന്ന് ഓരോ ഉപസമിതികളും ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് ബിനോയ്‌ കുര്യൻ പരിപാടികളുടെ വിശദാംശം അവതരിപ്പിച്ചു.

ഒക്ടോബര്‍ 30, 31 തീയ്യതികളിൽ നടക്കുന്ന സമ്മിറ്റിലേക്ക് 120 പേരാണ് ഓൺലൈനായി രജിസ്റ്റർ ചെയ്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും കണ്ണൂരിന്റെ വികസന മുന്നേറ്റത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യപ്പെടുകയും ചെയ്യുന്ന, കണ്ണൂരുകാരും അല്ലാത്തവരുമായ പ്രവാസി നിക്ഷേപകരാണ് പങ്കെടുക്കുക. ടൂറിസം, വ്യവസായം, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, കൃഷി, ടെക്നോളജി, വിദ്യാഭ്യാസം, റീട്ടെയില്‍, കയറ്റുമതി, സേവന മേഖലകള്‍, മറ്റു വ്യാപാര ശൃംഖലകള്‍ ഉള്‍പ്പെടെ പ്രവാസികള്‍ക്ക് കണ്ണൂരില്‍ ആരംഭിക്കാവുന്ന ചെറുതും വലുതുമായ സംരംഭങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമ്മിറ്റില്‍ നടക്കും.

ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്നകുമാരി, അഡ്വ. ടി സരള, യു പി ശോഭ, വി കെ സുരേഷ് ബാബു, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ്ബാബു എളയാവൂർ, ഉപസമിതി ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date