Skip to main content
ചങ്ങാതി പദ്ധതിയുടെ സംഘാടക സമിതി രൂപീകരണ യോഗം നഗരസഭാധ്യക്ഷന്‍ പി മുകുന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു

സംഘാടകസമിതി രൂപീകരിച്ചു മലയാളം പഠിപ്പിക്കാന്‍ ആന്തൂരില്‍ 'ചങ്ങാതി' പദ്ധതി

അതിഥി തൊഴിലാളികളെ മലയാളഭാഷ പഠിപ്പിക്കാന്‍ ആന്തൂര്‍ നഗരസഭയില്‍ ചങ്ങാതി പദ്ധതി തുടങ്ങുന്നു.
ഇതിനായി സംഘാടക സമിതി രൂപീകരിച്ചു. അതിഥി തൊഴിലാളികളെ സാക്ഷരരാക്കാന്‍ സാക്ഷരതാമിഷനാണ് പദ്ധതി നടപ്പാക്കുന്നത്. വ്യവസായ വികസന പ്ലോട്ടിലെ 50 തൊഴിലാളികളെ അടുത്ത നാല് മാസം കൊണ്ട് മലയാളഭാഷയും സാംസ്‌കാരിക പൈതൃകവും പഠിപ്പിക്കും. സര്‍വ്വെ നടത്തി പഠിതാക്കളെ കണ്ടെത്തിയ ശേഷമാണ് ക്ലാസ്സുകള്‍ ആരംഭിക്കുക. ഇതിനായി ഇന്‍സ്ട്രക്ടര്‍മാരെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കും. വ്യവസായികളുടെ പ്രതിനിധികള്‍, ലേബര്‍ ഓഫീസ്, ജനമൈത്രി പോലീസ്, നഗരസഭാ ഭരണസമിതി എന്നിവയുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടക്കും. വ്യവസായ കേന്ദ്രം കെട്ടിടത്തിലാണ്  ക്ലാസുകള്‍ നല്‍കുക. ഇതിനായി 'ഹമാരി മലയാളം' എന്ന പേരില്‍ പ്രത്യേക പാഠപുസ്തകവും സാക്ഷരതാമിഷന്‍ തയ്യാറാക്കിയിട്ടുണ്ട്.
സംഘാടക സമിതി രൂപീകരണ യോഗം നഗരസഭാ ചെയര്‍മാന്‍ പി മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ വി സതീദേവി അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ടി വി ശ്രീജന്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി  ഉണ്ണികൃഷ്ണന്‍, സെക്രട്ടറി പി എന്‍ അനീഷ്, ഡോ. നീരജ്, ടി സുരേഷ് ബാബു, കെ രാജിനി തുടങ്ങിയവര്‍ പങ്കെടുത്തു. വി പി രാജേന്ദ്രന്‍ കണ്‍വീനറായുള്ള 51 അംഗ സംഘാടകസമിതിക്കാണ് രൂപം നല്‍കിയത്.

date