Skip to main content

ബേപ്പൂർ വാട്ടർ ഫെസ്റ്റ് ഡിസംബർ അവസാന വാരം: സംഘാടക സമിതി രൂപീകരിച്ചു

ബേപ്പൂർ വാട്ടർ ഫെസ്റ്റ് എല്ലാ വർഷവും: മന്ത്രി പി എ മുഹമ്മദ് റിയാസ്

എല്ലാ വർഷവും ബേപ്പൂർ മറീനയിൽ 'ബേപ്പൂർ വാട്ടർ ഫെസ്റ്റ്' സംഘടിപ്പിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബേപ്പൂർ വാട്ടർ ഫെസ്റ്റ് സീസൺ മൂന്നിനോടനുബന്ധിച്ചുള്ള സംഘാടക സമിതി രൂപീകരണ യോഗം ബേപ്പൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മുൻ വർഷങ്ങളെക്കാൾ വിപുലമായ രീതിയിൽ ഇത്തവണ വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കും. കോഴിക്കോട് നഗരത്തെയാകെ ടൂറിസ്റ്റ് സിറ്റിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സർക്കാറും കോഴിക്കോട് കോർപ്പറേഷനും  ടൂറിസം വകുപ്പും. ഇതിൻ്റെ ഭാഗമായി ബേപ്പൂർ വാട്ടർ ഫെസ്റ്റ് ഇത്തവണ കോഴിക്കോട് നഗരത്തിലേക്കും വ്യാപിപ്പിക്കും. ഇതോടനുബന്ധിച്ച് നഗരത്തിൽ വിപുലമായ ഭക്ഷ്യമേള സംഘടിപ്പിക്കും. നഗരത്തിൽ സ്ഥിരം  ഫുഡ് സ്ട്രീറ്റിന് രൂപം നൽകുന്നതിനുള്ള മുന്നോടിയായി ഇതിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വഞ്ചർ സ്പോർട്സിന്റെ എല്ലാ സാധ്യതകളും വാട്ടർ ഫെസ്റ്റിൽ ഉൾപ്പെടുത്തും.

പുതിയ സർക്കാർ ബേപ്പൂർ മറീനയ്ക്കായി പ്രഖ്യാപിച്ച  ഒൻപത് കോടിയുടെ ആദ്യ ഘട്ട വികസന പ്രവൃത്തികൾ ഇത്തവണത്തെ വാട്ടർ ഫെസ്റ്റിന് മുൻപായി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാവരെയും യോജിപ്പിച്ച് ജനകീയ ഉത്സവമാക്കി ബേപ്പൂർ വാട്ടർ ഫെസ്റ്റിനെ മാറ്റണമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു.

മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യ രക്ഷാധികാരിയായും  മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, മേയർ ഡോ. ബീന ഫിലിപ്പ്, എം പിമാരായ എം.കെ രാഘവൻ, എളമരം കരീം, പി.ടി ഉഷ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി എന്നിവർ രക്ഷാധികാരികളും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ചെയർമാനും ടൂറിസം ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ ജനറൽ കൺവീനറായും വാട്ടർ ഫെസ്റ്റ് സംഘാടക സമിതിക്ക് യോഗം രൂപം നൽകി. 20 ഓളം സബ് കമ്മിറ്റികളും രൂപീകരിച്ചു.

യോഗത്തിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ഷൈലജ, രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബുഷ്റ റഫീഖ്, കടലുണ്ടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി അനുഷ, കോർപ്പറേഷൻ സ്ഥിരം സമിതി ചെയർപേഴ്സൺ കെ കൃഷ്ണകുമാരി, കൗൺസിലർമാരായ എം ഗിരിജ, ടി രജനി, ടി കെ ഷെമീന, സബ് കലക്ടർ വി ചെത്സാസിനി, എഡിഎം സി മുഹമ്മദ്‌ റഫീഖ്, ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ കെ ഇ ബൈജു, ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി, കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി, കെടിഐഎൽ ചെയർമാൻ എസ്കെ സജീഷ്, ബേപ്പൂർ മണ്ഡലം വികസന സമിതി ചെയർമാൻ എം ഗിരീഷ്, ടൂറിസം ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡി ടി പി സി സെക്രട്ടറി നിഖിൽ ദാസ്, രാധാ ഗോപി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു

date