Skip to main content

കേരളീയത്തിനൊപ്പം ചുവടുവെച്ച് കാട്ടാക്കട;ആഘോഷമായി മെഗാ തിരുവാതിര

1001 വനിതകള്‍ ഒരേ താളത്തില്‍ വട്ടത്തിൽ കേരള ഗാനത്തിനൊത്ത് ചുവടുവെച്ചപ്പോള്‍ കാട്ടാക്കട ക്രിസ്ത്യൻ കോളജ് മൈതാനത്ത് കേരളീയം മറ്റൊരു തിരുവാതിര  ആഘോഷമായി.കേരളം ആര്‍ജിച്ച നേട്ടങ്ങളും സാംസ്കാരിക പൈതൃകവും ലോകത്തിനു മുന്നില്‍ ആവിഷ്കരിക്കുന്നതിനായി സംസ്ഥാനസര്‍ക്കാര്‍ ഇതാദ്യമായി സംഘടിപ്പിക്കുന്ന കേരളീയം പ്രചാരണത്തിന്റെ ഭാഗമായി ഐ ബി സതീഷ് എം എൽ എ യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒപ്പം മെഗാ തിരുവാതിരയാണ് വേറിട്ട ആഘോഷമായത്.
മലയാളികള്‍ക്ക് ആഘോഷവേളകളില്‍ ഒഴിവാക്കാനാവാത്ത കേരളത്തനിമയുടെ അടയാളമായ തിരുവാതിര,കാട്ടാക്കട മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലെ വനിത സഹൃദ കൂട്ടായ്മകളുടെ ഉത്സാഹത്തിലാണ് അരങ്ങേറിയത്.കസവുസാരിയും പച്ച ബ്ലൗസുമണിഞ്ഞ് കാശുമാലയും മുല്ലപ്പൂവും ചൂടി കുടുംബശ്രീപ്രവര്‍ത്തകര്‍,ആശാവര്‍ക്കര്‍മാര്‍, അംഗനവാടി ജീവനക്കാര്‍,സര്‍ക്കാര്‍ ജീവനക്കാര്‍, വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരികള്‍ എന്നിവര്‍ മെഗാതിരുവാതിരയില്‍ അണിനിരന്നു.
വൈകിട്ട് നാലിന് മൈതാനത്തൊരുക്കിയ തുറന്ന വേദിയില്‍ ഐ ബി സതീഷ് എം എൽ എ തിരുവാതിര ഉദ്ഘാടനം ചെയ്തു.കേരളം എന്താണ്,എന്തല്ല എന്ന് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് കേരളീയം എന്ന് അദ്ദേഹം പറഞ്ഞു.സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ എന്‍ മായ മുഖ്യപ്രഭാഷണം നടത്തി. കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന ചടങ്ങിന് ശേഷം തിരുവാതിരയുടെ ട്രയല്‍ അരങ്ങേറി.അതിന് ശേഷമാണ് നന്മകള്‍ വിളയും നറുതേനൊഴുകും പുതുമലരായെന്‍ മലയാളം എന്ന ഗാനത്തിനൊത്ത് 1001 വനിതകള്‍ ഓരേ താളത്തില്‍ ചുവടുവെച്ചു തുടങ്ങിയത്.പള്ളിച്ചല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ സുനിത എന്നിവരുടെ നേതൃത്വത്തില്‍ കേരളീയത്തിനൊപ്പം കാട്ടാക്കട എന്ന സ്തംഭത്തിന് ചുറ്റും രണ്ട് പാട്ടുകള്‍ക്കൊത്ത് 10 മിനുട്ടോളം  ചുവടുവെച്ചു.പള്ളിച്ചല്‍,മലയിന്‍കീഴ്,കാട്ടാക്കട, വിളവൂര്‍ക്കല്‍,മാറനല്ലൂര്‍,വിളപ്പില്‍ പഞ്ചായത്തുകളിലെ വനിതകളാണ് തിരുവാതിരയില്‍ പങ്കെടുത്തത്.വിവിധ സി ഡി എസുകളില്‍ പരിശീലനം നല്‍കിയാണ് വനിതകളെ തിരുവാതിരക്ക് ഒരുക്കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍,ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,ജില്ലാ പഞ്ചായത്ത് അംഗം രാധിക ടീച്ചര്‍,  നേമം ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ പ്രീജ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍,ഒപ്പം പദ്ധതി കണ്‍വീനര്‍ ഷീജ,ട്രിനിറ്റി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അരുണ്‍,വിവിധ ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date