Skip to main content
ജില്ല വികസന സമിതി യോഗം

ജില്ല വികസന സമിതി യോഗം നായ ശല്യം: എ.ബി.സി. സെന്ററുകള്‍ നവംബര്‍ ആദ്യ വാരം സമയബന്ധിതമായി പദ്ധതികള്‍ തീര്‍ക്കണം: കളക്ടര്‍

-----------
ആലപ്പുഴ: നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ നവംബര്‍ ആദ്യ വാരം ജില്ലയില്‍ രണ്ട് എ.ബി.സി. സെന്ററുകള്‍ ആരംഭിക്കാന്‍ ജില്ല വികസന സമിതി യോഗം നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. യോഗത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ജില്ല കളക്ടര്‍ ജോണ്‍ വി സാമുവല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നവംബര്‍ ആദ്യത്തില്‍ എ.ബി.സി. തുടങ്ങുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. കായംകുളം എം.എല്‍.എ. യു.പ്രതിഭയും സമാന വിഷയം ഉന്നയിച്ചു.

ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവലിന്റെ അധ്യക്ഷതയിലാണ് ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നത്. എം.എല്‍.എമാരായ തോമസ് കെ. തോമസ്, പി.പി.ചിത്തരഞ്ജന്‍, ദലീമ ജോജോ, എം.എസ്.അരുണ്‍കുമാര്‍, യു.പ്രതിഭ തുടങ്ങിയവരും പങ്കെടുത്തു.

ദേശീയ പാതയുടെ നിര്‍മ്മാണം നടക്കുന്ന പ്രദേശങ്ങളില്‍ കുടിവെളള പൈപ്പ് പൊട്ടുന്നതും വെള്ളക്കെട്ട് രൂപപ്പെടുന്നതുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്നും പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. 

അരൂര്‍ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ കെ- ഫോണ്‍ ലഭ്യമാകുന്നില്ലന്നും അതിന് ഉടനടി പരിഹാരം കാണണമെന്നും ദലീമ ജോജോ എം.എല്‍.എ യോഗത്തില്‍ പറഞ്ഞു. അരൂര്‍ - കുമ്പളങ്ങി പാലത്തിന്റെ താഴെയുള്ള ഭാഗത്ത് ഉപയോഗ ശൂന്യമായ വസ്തുക്കള്‍ സംഭരിക്കുന്നതുമൂലം മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നുവെന്നും ജലമലിനീകരണം സംഭവിക്കുമെന്നും ചൂണ്ടിക്കാട്ടിയ ദലീമ ജോജോ എം.എല്‍.എ. പ്രസ്തുത പ്രദേശത്തിന്റ ഉടമസ്ഥത പരിശോധിച്ച് പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അരൂര്‍ ക്ഷേത്രത്തിന് മുന്നിലായുള്ള കാത്തുനില്‍പ്പ് പുരയുടെ മുന്‍വശം റോഡില്‍ കുഴികള്‍ രൂപപ്പെട്ട് വെള്ളം നിറഞ്ഞുകിടക്കുന്ന അവസ്ഥയും യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. 

കായംകുളം നിയോജമണ്ഡലത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്ലാന്‍ ലഭ്യമാക്കണമെന്നും അതത് പ്രദേശങ്ങളിലെ ജനപ്രതിനിധികളുമായി ചര്‍ച്ചചെയ്തു വേണം ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കേണ്ടതെന്നും യു. പ്രതിഭ എം.എല്‍.എ. പറഞ്ഞു. അഞ്ചുവര്‍ഷക്കാലമായി കായംകുളം കായലോര ടൂറിസം നിശ്ചലമണെന്നും ജില്ലാ ഭരണകൂടം ഇടപെട്ട് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

പൊതുമരാമത്ത് നിരത്ത് വിഭാഗവുമായി കൂടിയാലോച്ചിച്ചു വേണം കേരള വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ കുഴലുകള്‍ സ്ഥാപിക്കുന്നതിനായി റോഡുകള്‍ കുഴിക്കേണ്ടതെന്നും പ്രവൃത്തി പൂര്‍ത്തീകരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ റോഡുകള്‍ പുനര്‍നിര്‍മ്മിക്കണമെന്നും എം.എസ്. അരുണ്‍ കുമാര്‍ എം.എല്‍.എ. യോഗത്തില്‍ പറഞ്ഞു. പാലമേല്‍ സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ വികസന സമിതിയില്‍ അറിയിച്ചു.

പോരുക്കര ഗോവേന്ദപ്പാലം, ജി.പി.എം. കന്നിട്ടപ്പറമ്പ് പാലം എന്നിവയുടെ സ്ഥലമേറ്റെടുപ്പ് പ്രവൃത്തികളില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (സ്ഥലമെടുപ്പ്) ജനറല്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണെന്ന് തോമസ് കെ. തോമസ് എം.എല്‍.എ. ആവശ്യപ്പെട്ടു. കേരള വാട്ടര്‍ അതോറിറ്റിയുടെ എടത്വ സബ് ഡിവിഷന്‍ ഓഫീസ് തിരുവല്ല ഡിവിഷനില്‍ നിന്നും വേര്‍പെടുത്തി കായംകുളം ഡിവിഷനില്‍ ഉള്‍പ്പെടുത്തിയതില്‍ എം.എല്‍.എ.യും കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ പ്രതിനിധിയും അതൃപ്തി രേഖപ്പെടുത്തുകയും ഇക്കാര്യം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ജലഗതാഗതം സുഗമമാക്കാന്‍ വാടക്കനാല്‍ മുതല്‍ മാതാ ജെട്ടി വരെയുള്ള അപകടാനസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ജലഗതാഗത വകുപ്പ് സൂപ്രണ്ട് യോഗത്തില്‍ ആവശ്യപ്പെട്ടു.

കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ ഭാഗങ്ങളില്‍ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ. ഓഫീസില്‍ അനാവശ്യ കാലതാമസം നേരിടുന്നതായി
മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രതിനിധി യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലയിലെ വിവിധ നിര്‍വ്വഹണ പ്രവൃത്തികള്‍ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള സര്‍വ്വേ നടപടികള്‍ക്ക് ആവശ്യമായ സര്‍വ്വേയര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, സര്‍വ്വേ, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (സ്ഥലമെടുപ്പ്) ജനറല്‍ എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കി.

ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ.എം.എസ്. സ്വാമിനാഥനോടുള്ള ആദരസൂചകമായി മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന പ്രമേയം തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു.

നവകേരള സദസുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു. നവ കേരള സദസുമായി ബന്ധപ്പെട്ട എല്ലാ യോഗങ്ങളിലും ഉദ്യോഗസ്ഥരുടെ കൃത്യമായ പ്രാതിനിധ്യം ഉണ്ടാകണമെന്ന് കളക്ടര്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ നീതി പൂര്‍വം നടപ്പിലാക്കണമെന്നും കളക്ടര്‍ അറിയിച്ചു. നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയെക്കുറിച്ച് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ് വികസന സമിതി യോഗത്തില്‍ വിശദീകരിച്ചു.

യോഗത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രതിനിധി ഡി.വി. ഷാജി, കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ പ്രതിനിധി കെ. ഗോപകുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍കുമാര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date