Skip to main content
പുതുക്കാട് മണ്ഡലം നവകേരള സദസ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നു

പുതുക്കാട് മണ്ഡലം നവകേരള സദസ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നു

നവ കേരള സദസ്സിന്റെ ഭാഗമായി പുതുക്കാട് മണ്ഡലം തല ഭാരവാഹിയോഗവും എക്സിക്യൂട്ടീവ് കമ്മിറ്റിയും ചേർന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

നവ കേരള സദസ്സിന്റെ വിജയകരമായ നടത്തിപ്പിനായി പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. നവംബർ ഒന്നിന് കോടാലി ശ്രീധർമ്മശാസ്ത ക്ഷേത്രഹാളിൽ വച്ച് മറ്റത്തൂർ ഗ്രാമപഞ്ചായത്തിന്റെയും, വൈകീട്ട് 3 മണിക്ക് നന്തിക്കര തേജസ് ഹാളിൽ വെച്ച് പറപ്പൂക്കര പഞ്ചായത്തിന്റെയും, നവംബർ 2 ന് തലോർ ജൂബിലി ഹാളിൽ വെച്ച് നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെയും, നവംബർ മൂന്നിന് രാവിലെ 10.30 ന് വല്ലച്ചിറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് വല്ലച്ചിറ പഞ്ചായത്തിന്റെയും, വൈകീട്ട് മൂന്നിന് വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് വരന്തരപ്പിള്ളി പഞ്ചായത്തിന്റെയും സംഘാടകസമിതിരൂപീകരണ യോഗം ചേരും. നവംബർ 6 ന് പാലയ്ക്കപറമ്പ് സൈമൺസ് ഓഡിറ്റോറിയത്തിൽ വച്ച് തൃക്കൂർ ഗ്രാമപഞ്ചായത്തിന്റെയും, നവംബർ ഏഴിന് പുതുക്കാട് സി ജി ഓഡിറ്റോറിയത്തിൽ വച്ച് പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെയും, നവംബർ എട്ടിന് ആമ്പല്ലൂർ വൈകീട്ട് 3 ന് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് അളഗപ്പനഗർ ഗ്രാമപഞ്ചായത്തിന്റെയും സംഘാടസമിതി രൂപീകരണ യോഗം ചേരുവാൻ തീരുമാനിച്ചു. നവ കേരള സദസ്സിന്റെ മണ്ഡലം തല സംഘാടകസമിതി ഓഫീസ് ബ്ലോക്ക് പഞ്ചായത്തിൽ നവംബർ 3 ന് കെ.കെ രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നവംബർ 9 ന് മണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികളുടെയും സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും യോഗം ബ്ലോക്ക് ഹാളിൽ ചേരും. നവംബർ പത്തിന് വൈകിട്ട് 3.30 ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിലും ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജയുടെ സാന്നിധ്യത്തിലും സംഘാടകസമിതി ഭാരവാഹിയോഗം ചേർന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും യോഗത്തിൽ തീരുമാനിച്ചു.

പുതുക്കാട് മണ്ഡലം വർക്കിംഗ് കൺവീനർ ഡെപ്യൂട്ടി കളക്ടർ ( ദുരന്തനിവാരണം) ഡോ. എം.സി റെജിൽ സ്വാഗതം ആശംസിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ ഇ.കെ അനൂപ്,ടി.എസ് ബൈജു,അജിത സുധാകരൻ,എൻ മനോജ്‌,അശ്വതി വിബി, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് ഉൾപ്പെടെയുള്ള ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സഹകരണ ബാങ്ക് പ്രസിഡണ്ടുമാർ, സാമൂഹ്യ സംഘടന നേതാക്കൾ, ചാലക്കുടി ഡിവൈഎസ്പി, തഹസിൽദാർമാർ, സ്കൂൾ പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു.

നവംബർ 22 ന് മണ്ഡലം തല വികസന സെമിനാർ അളഗപ്പ നഗർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരും.

date