Skip to main content

കവ്വായി ബോട്ട് ടെര്‍മിനല്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഞായറാഴ്ച നാടിന് സമര്‍പ്പിക്കും

മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസത്തിന്റെ ഭാഗമായി നിര്‍മിച്ച കവ്വായി ബോട്ട് ടെര്‍മിനലിന്റെയും കവ്വായി പാലം അപ്രോച്ച് റോഡ് നവീകരണ പ്രവൃത്തിയുടെയും ഉദ്ഘാടനം ഒക്ടോബര്‍ 29 ഞായറാഴ്ച വൈകിട്ട് ആറ് മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ടി ഐ മധുസൂദനന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിതിയാവും.
മലനാട് മലബാര്‍ റിവര്‍ക്രൂസ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.2 കോടി രൂപ ചെലവിലാണ് ഹൗസ്‌ബോട്ട് ടെര്‍മിനല്‍ നിര്‍മിച്ചത്. ഒരേ സമയം രണ്ട് വലിയ ഹൗസ് ബോട്ടുകള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന രണ്ട് ബോട്ട് ജെട്ടികളും 90 മീറ്റര്‍ നീളത്തിലുള്ള നടപ്പാതയും ഉണ്ട്. വേലിയേറ്റ - വേലിയിറക്ക സമയങ്ങളില്‍ ബോട്ടുകള്‍ അടുപ്പിക്കാവുന്ന രീതിയില്‍ നാല് തട്ടുകളായാണ് ജെട്ടികള്‍ നിര്‍മിച്ചത്. ഓടുമേഞ്ഞ മേല്‍ക്കൂര, കരിങ്കല്‍ പാകിയ നടപ്പാത, കരിങ്കല്ലില്‍ നിര്‍മിച്ച ഇരിപ്പിടങ്ങള്‍, സോളാര്‍ ലൈറ്റുകള്‍ എന്നിവയും കായല്‍ സൗന്ദര്യം ആസ്വദിക്കുന്നതിന് വ്യൂ പോയിന്റുകളും ഉണ്ട്. കായല്‍ക്കരയിലെ നടപ്പാത ഇന്റര്‍ലോക്ക് ചെയ്തു. കോണ്‍ക്രീറ്റ് പൈലുകള്‍ കൊണ്ടാണ് ടെര്‍മിനലിന്റെ അടിത്തറ നിര്‍മിച്ചത്.
       
റെയില്‍വേ ഓവര്‍ ബ്രിഡ്ജില്‍ നിന്നും ബോട്ട് ടെര്‍മിനലിലേക്കുള്ള കവ്വായി പാലം അപ്രോച്ച് റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 5.2 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.

മലനാട് - മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി വളപട്ടണം, അഞ്ചരക്കണ്ടി, മാഹി, തേജസ്വിനി, പെരുമ്പ, കവ്വായി എന്നീ ജലാശയങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയ 17 ബോട്ട് ടെര്‍മിനല്‍/ ജെട്ടി പദ്ധതികളില്‍ ആറെണ്ണം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശേഷിക്കുന്ന 11 പദ്ധതികളുടെയും പ്രവൃത്തികള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്.  കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ സ്വദേശ് ദര്‍ശന്‍ സ്‌കീമിലുള്‍പ്പെടുത്തി വളപട്ടണം, കുപ്പം നദികളില്‍  80.37 കോടി  രൂപ ചെലവിൽ 30 ബോട്ട് ജെട്ടികളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.  മലപ്പട്ടം മുനമ്പ് കടവിലെ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്.

date