Skip to main content
കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിന്റെ ക്യാഷ് അവാർഡ് വിതരണത്തിന്റെയും മെമ്പർഷിപ്പ് ക്യാമ്പയിനിന്റെയും സംസ്ഥാനതല ഉദ്ഘാടനം അയ്മനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സഹകരണ- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു.

സഹകരണമേഖലയിൽ രണ്ടരലക്ഷം കോടി രൂപയുടെ നിക്ഷേപം: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: സഹകരണ മേഖലയിൽ രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉണ്ടെന്നും ദേശീയതലത്തിൽ ക്രെഡിറ്റ് സംഘങ്ങളുടെ നിക്ഷേപത്തിന്റെ 71 ശതമാനവും കേരളത്തിലാണെന്നും സഹകരണ-  രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. നല്ല രീതിയിൽ ജീവനക്കാരും സഹകാരികളും ചേർന്നു പ്രവർത്തിക്കുന്ന സംഘങ്ങളിൽ നിക്ഷേപം പിൻവലിക്കുന്നില്ല. സഹകരണ നിയമഭേദഗതിയുടെ പുതിയ ബില്ല് പ്രകാരം സംഘങ്ങളിൽ ക്രമക്കേട് നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുകയും സംഘം സംരക്ഷിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിന്റെ ക്യാഷ് അവാർഡ് വിതരണത്തിന്റെയും മെമ്പർഷിപ്പ് ക്യാമ്പയിനിന്റെയും സംസ്ഥാനതല ഉദ്ഘാടനം അയ്മനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സഹകരണ മേഖലയുടെ വളർച്ചയ്ക്ക് നല്ല പങ്കു വഹിക്കുന്നവരാണ് ജീവനക്കാർ. നല്ല സഹകാരികൾ കൂടി ചേരുമ്പോഴാണ് വളർച്ച പൂർണമാകുക. ദേശസാൽകൃത ബാങ്കുകളെ താരതമ്യം ചെയ്താൽ സഹകരണ മേഖലയിൽ മാത്രമാണ് ചികിത്സാസഹായവും മരണാനന്തരഫണ്ടും കുട്ടികൾക്കുള്ള സ്‌കോളർഷിപ്പുകളും ലഭ്യമാക്കുന്നതെന്നും സഹകരണ പ്രസ്ഥാനം സാധാരണ ജനങ്ങളുടെ അത്താണിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യോഗത്തിൽ സഹകരണ സംഘം-ബോർഡ് ജീവനക്കാരുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡ് മന്ത്രി വിതരണം ചെയ്തു. യോഗത്തിൽ ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ. സനൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ എൻ. വിജയകുമാർ, കോപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ആർ. ബിജു, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ.കെ. സന്തോഷ്, ഭരണസമിതിയംഗം കെ. രവീന്ദ്രൻ, സ്വാഗതസംഘം ചെയർമാൻ ഇ.എസ്. ബിജു, അഡീഷണൽ രജിസ്ട്രാർ എൻ. പ്രീത എന്നിവർ പങ്കെടുത്തു.

 

date