Skip to main content

വൈദ്യുതാപകട നിവാരണ സമിതി ജില്ലാതല യോഗം ചേർന്നു

വൈദ്യുതാപകട നിവാരണസമിതിയുടെ ജില്ലാതല യോഗം ചേർന്നു. എ.ഡി.എം എൻ.എം മെഹറലി അധ്യക്ഷത വഹിച്ചു. ജില്ലയിലെ വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ടതും അപകടകരമാകുന്ന തരത്തിലുള്ള വിവിധ വിഷയങ്ങളെ സംബന്ധിച്ചും ചർച്ച ചെയ്തു. വൈദ്യുതി ബോർഡിന്റെ ക്ലിയറൻസ് ഇല്ലാതെ സുരക്ഷിതമല്ലാത്ത രീതിയിലുള്ള ജിയോ കേബിളുകൾ സ്ഥാപിക്കുന്നത് മൂലം അപകടങ്ങൾ സംഭവിക്കുന്നത് യോഗത്തിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സമാനരീതിയിലുള്ള പരാതി വരുന്നതിനാൽ വിഷയത്തിൽ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ എ.ഡി.എം നിർദേശം നൽകി. കേബിൾ ടി.വി ജീവനക്കാർ വൈദ്യുതി ബോർഡുകളിൽ അനധികൃതമായി കേബിളുകൾ സ്ഥാപിക്കുന്നതിനാൽ കെ.എസ്.ഇ.ബി ജീവനക്കാർക്ക് ജോലി ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നത് ഹരിഹരിക്കാൻ ഇത് സംബന്ധിച്ചുള്ള പരാതികൾ തീർക്കുന്നതിന് ഓരോ ഡിവിഷനുകൾക്ക് കീഴിലും കണക്കെടുപ്പ് നടത്തുന്നതിന് തീരുമാനിച്ചു. മുണ്ടക്കടവ്, വാണിയംപുഴ കോളനികളിൽ നടത്തിയ പരിശോധനയിൽ അപകടകരമായ രീതിയിൽ വയറിങ് നടത്തിയത് കണ്ടെത്തി. ഇത്തരത്തിലുള്ള വയറിങ് സ്ഥാപിക്കൽ സുതാര്യമാക്കണമെന്ന് ആവശ്യമുയർന്നു. ഇക്കാര്യത്തിൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഐ.ടി.ഡി.പിയുമായി ബന്ധപ്പെട്ട് പരിഹാരം കാണാൻ തീരുമാനമെടുത്തു.
ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി പോസ്റ്റിലേക്ക് ചാഞ്ഞുനിൽക്കുന്ന സ്വകാര്യ വ്യക്തികളുടെ അപകടകരമായ മരങ്ങൾ മുറിച്ചുനീക്കുന്നതിന് നോട്ടീസ് നൽകാനും മരംമുറിച്ചുനീക്കാത്തപക്ഷം തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ മരംമുറിച്ചുമാറ്റാനും തീരുമാനിച്ചു. ഇതിനുള്ള ചെലവ് ബന്ധപ്പെട്ട വ്യക്തികളിൽനിന്ന് ഈടാക്കും. പൊതുമരാമത്ത് വിഭാഗത്തിന്റെ ഭൂമിയിലെ അപകടകരമായ മരങ്ങൾ മുറിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കത്ത് നൽകും.  വൈദ്യുതി പോസ്റ്റുകളിലെ അനധികൃത പരസ്യബോർഡുകൾ, നോട്ടീസ് പതിക്കൽ എന്നിവയിൽ ഹൈകോടതി നിർദേശപ്രകാരം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപടിയെടുക്കും. റോഡ് വീതികൂട്ടിനവീകരിക്കുമ്പോൾ വൈദ്യുതി പോസ്റ്റ് റോഡരികിലേക്ക് മാറ്റിസ്ഥാപിക്കുന്നതിന് നടപടിയുണ്ടാവുന്നില്ലെന്ന് പരാതിയുയർന്നു. ഇത് ഇരുചക്രവാഹനയാത്രികർ ഉൾപ്പെടെ അപകടത്തിൽപ്പെടാൻ കാരണമാകുന്നതായും പൊതുമരാമത്ത് വിഭാഗം ഇക്കാര്യത്തിൽ പരിഹാരം കാണണമെന്ന് ആവശ്യമുയർന്നു. വിവിധയിടങ്ങളിലെ അനധികൃത കമ്പിവേലി സ്ഥാപിക്കുന്നതിലെ അപകടാവസ്ഥ സംബന്ധിച്ച് വാർത്തകൾ നൽകി ബോധവൽക്കരണം നടത്താനും തീരുമാനിച്ചു. കലക്ടറേറ്റിലെ എ.ഡി.എമ്മിന്റെ ചേംബറിൽചേർന്ന യോഗത്തിൽ മഞ്ചേരി ഇലക്ട്രിക്കൽ വിഭാഗം ചീഫ് എക്‌സിക്യുട്ടീവ് എൻജിനീയർ ടി.എസ് ജയശ്രീ, ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ശോഭി ജോർജ്, ജില്ലയിലെ വിവിധ സെക്ഷനുകളിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പങ്കെടുത്തു.

date