Skip to main content

പകർച്ചവ്യാധികൾക്കെതിരെ  ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദ്ദേശം 

 

പകർച്ചപനി ഏതുമാവാം. എലിപ്പനിയ്‌ക്കെതിരെ ജാഗ്രത വേണം.

ജില്ലയിൽ മഴ ഇടവിട്ട് തുടരുന്ന സാഹചര്യത്തില്‍ പകച്ചവ്യാധികൾക്കെതിരെ ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ചൊവ്വര, മാണിക്യമംഗലം  തുടങ്ങിയ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം എ, പറവൂർ, പള്ളിപ്പുറം, എഴിക്കര, കരുമാലൂർ, കുമ്പളങ്ങി, ചെല്ലാനം, ഉദായംപേരൂർ, തൃപ്പൂണിത്തുറ തുടങ്ങിയ പ്രദേശങ്ങളിൽ എലിപ്പനി കേസുകൾ,കലൂർ, തമ്മനം, മങ്ങാട്ടുമുക്ക്, മട്ടാഞ്ചേരി, കളമശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ ഡെങ്കി പനിയും  കൂടുതലായി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. കൂടാതെ ആലങ്ങാട്, കാക്കനാട്, കോലഞ്ചേരി തുടങ്ങിയ ഇടങ്ങളിൽ ഭക്ഷ്യവിഷബാധയും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.  കൊതുകുകള്‍ പെരുകുന്നതു കാരണം ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളും മലിനമായ ജലം കുടിവെള്ള സ്രോതസുകളില്‍ കലരുന്നത് വഴി വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും വര്‍ധിക്കാന്‍ കാരണമാകും. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുവാനും പുറമെനിന്നുള്ള ആഹാരം കഴിവതും ഒഴിവാക്കിക്കൊണ്ട് വീട്ടിലുണ്ടാക്കുന്ന ശുദ്ധവും പോഷകസമൃദ്ധവുമായ ആഹാരം കഴിക്കുവാൻ പൊതു ജനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. വീടുകളിലെ കിണറുകൾ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം ക്ലോറിനേറ്റ് ചെയ്യുകയും പാചകത്തിനായി ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കുവാൻ ശ്രദ്ധിക്കണം.

മലിനജല സമ്പര്‍ക്കത്തിലൂടെ ഉണ്ടാകുന്ന ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്. എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്. എലിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ചികിത്സ ലഭ്യമാക്കിയാല്‍ രോഗം ഗുരുതരമാകാതെ ഭേദപ്പെടുത്താന്‍ സാധിക്കും. അതിനാല്‍ തന്നെ മലിനജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ ഏറെ ജാഗ്രത പാലിക്കണം. പനി ലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറുടെ സഹായം തേടുകയും  മലിനജല സമ്പർക്കമുള്ളവർ അത്തരം സാഹചര്യങ്ങളും ജോലി പശ്ചാത്തലവും ഡോക്ടറോട് വ്യക്തമാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

എന്താണ് എലിപ്പനി?

ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. രോഗാണുവാഹകരയായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.

രോഗ ലക്ഷണങ്ങള്‍

പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാവാം. കഠിനമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം. ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കില്‍ എലിപ്പനി ആണോയെന്ന് ബലമായി സംശയിക്കണം. മഞ്ഞപ്പിത്തത്തോടൊപ്പം വിശപ്പില്ലായ്മ, മനംമറിച്ചില്‍, ഛര്‍ദി എന്നിവയും ഉണ്ടാവാം. ചിലര്‍ക്ക് വയറുവേദന, ഛര്‍ദി, വയറ്റിളക്കം, ത്വക്കില്‍ ചുവന്ന പാടുകള്‍ എന്നിവ ഉണ്ടാവാം.

എലിപ്പനി കരളിനെ ബാധിക്കുമ്പോള്‍ മഞ്ഞപ്പിത്തവും, വൃക്കകളെ ബാധിക്കുമ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുക, രക്തം കലര്‍ന്ന മൂത്രം പോവുക, കാലില്‍ നീരുണ്ടാവുക എന്നിവയും ഉണ്ടാകുന്നു. ചിലരില്‍ രക്തസ്രാവം ഉണ്ടാവാം.

പ്രതിരോധ മാര്‍ഗങ്ങള്‍

· മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും, ശുചീകരണ തൊഴിലാളികളും, വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരും വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്‌ക് എന്നിവ ഉപയോഗിക്കുക.
· കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.
· ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, മലിനജലവുമായി സമ്പര്‍ക്കം വന്നവരും ഡോക്‌സിസൈക്ലിന്‍ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം ആഴ്ചയിലൊരിക്കല്‍ കഴിച്ചിരിക്കേണ്ടതാണ്. മലിനജലവുമായി സമ്പര്‍ക്കം തുടരുന്നത്രയും കാലം ഡോക്‌സിസൈക്ലിന്‍ പ്രതിരോധം തുടരേണ്ടതാണ്.
· എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തക  യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.
 

date