Skip to main content

ഫുഡ് ഫെസ്റ്റിന് എല്‍ എം എസില്‍ തുടക്കമായി

കേരളീയം 2023 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പെറ്റ് ഫുഡ് ഫെസ്റ്റിന് തിരുവനന്തപുരം എല്‍.എം.എസ്. കോമ്പൗണ്ടില്‍ തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് വളര്‍ത്തു മൃഗങ്ങള്‍ക്കായി ഫുഡ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്. ഒമ്പത് കൊമേഴ്ഷ്യല്‍ സ്റ്റാളുകളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. എല്‍.എം.എസ് കോമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കി സംസ്ഥാന മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പെറ്റ് ഫുഡ് ഫെസ്റ്റിവെല്‍ ഉദ്ഘാടനം ചെയ്തു.

  മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കും ഭക്ഷണ വൈവിധ്യം ആസ്വദിക്കേണ്ടതുണ്ടെന്നും അതിനായാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം കൂടുതല്‍ വളര്‍ത്തുമൃഗ സൗഹൃദമായി മാറി വരുന്നത് മനസ്സിലാക്കിയാണ് കേരളീയത്തിന്റെ ഭാഗമായി പെറ്റ് ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഫുഡ് ഫെസ്റ്റിവെല്‍ കമ്മിറ്റി ചെയര്‍മാന്‍ എ.എ റഹീം എം.പി പറഞ്ഞു.

 ഫുഡ് ഫെസ്റ്റിവെല്‍ കമ്മിറ്റി കണ്‍വീനര്‍ ശിഖാ സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. മൃഗസംരക്ഷണ വകുപ്പ് അഡീ. ഡയറക്ടര്‍മാരായ ഡോ. വിനു, ഡോ. കെ. സിന്ധു,  എല്‍.എം.ടി.സി പ്രിന്‍സിപ്പല്‍ ട്രെയിനിങ് ഓഫീസര്‍ ഡോ. റെനി ജോസഫ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. അരുണോദയ, ഫുഡ് കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ സജിത് നാസര്‍, കമ്മിറ്റി ചെയര്‍മാന്‍ ഐ.പി. ബിനു എന്നിവര്‍ പ്രസംഗിച്ചു. പെറ്റ് ഫുഡ് ഫെസ്റ്റിവല്‍ കണ്‍വീനര്‍ ടി.ടി. ആശ സ്വാഗതവും കുടപ്പനക്കുന്ന് എല്‍.എം.ടി.സി. വെറ്ററിനറി സര്‍ജന്‍ നായര്‍ എം. ശ്രീജ നന്ദിയും പറഞ്ഞു.

date