Skip to main content

ലഹരി രഹിത പുകയില രഹിത വിദ്യാലയങ്ങൾ: നവംബർ 14 മുതൽ ഡിസംബർ 10 വരെ ക്യാമ്പയിൻ

 

ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളെയും കേന്ദ്രീകരിച്ച് പുകയിലരഹിത ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.പോലീസ്, എക്സൈസ്, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ നവംബർ 14ന് ആരംഭിച്ച് ഡിസംബർ 10ന് അവസാനിക്കുന്ന രീതിയിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 

സ്കൂളുകളുടെ നൂറു മീറ്റർ ചുറ്റളവിൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് കർശനമായി തടയുക എന്ന ലക്ഷ്യത്തിലാണ് പ്രധാനമായും ക്യാമ്പയിൻ  നടത്തുന്നത്. എറണാകുളം ഭാരത് ഹോട്ടലിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി രഹിത പുകയില രഹിത വിദ്യാലയങ്ങൾ - ചർച്ചയും രൂപരേഖയും തയ്യാറാക്കൽ എന്ന പരിപാടി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ രഞ്ജിത്ത് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ പ്രായം
12 വയസിലേക്ക് താഴ്ന്ന് വന്നിരിക്കുന്ന അപകടകരമായ അവസ്ഥയാണ് ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്നത്.വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം കണ്ടെത്തി തടയുക എന്നത് വിദ്യാഭ്യാസ വകുപ്പിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും വിവിധ സർക്കാർ വകുപ്പുകളും സംഘടനകളും ഉൾപ്പെടെ എല്ലാവരുടെയും കൂട്ടായ പ്രവർത്തനമാണെന്നും രഞ്ജിത്ത് കൃഷ്ണൻ പറഞ്ഞു. താലൂക്ക് അടിസ്ഥാനത്തിൽ വിവിധ സ്കൂളുകളുടെ വിവരങ്ങൾ ശേഖരിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കി ക്യാമ്പയിൻ സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. നിലവിൽ ഹൈസ്ക്കൂൾ തലം മുതൽ പ്രവർത്തിക്കുന്ന ആന്റി ഡ്രഗ് ക്ലബ്ബുകൾ യു.പി. തലത്തിലേക്ക് കൂടി വ്യാപിപ്പിക്കും. 

എഡ്രാക് (എറണാകുളം ജില്ല റസിഡൻസ് അസോസിയേഷൻസ് അപ്പെക്സ് കൗൺസിൽ ) പ്രസിഡന്റ് രംഗദാസ പ്രഭു അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ കെ കെ ആശാ , നാഷ്ണൽ ടുബാക്കോ കൺട്രോൾ പ്രോഗ്രാം നോഡൽ ഓഫീസർ ഡോ. കെ.സവിത, സജു.വി. ഇട്ടി, പോലീസ്, എക്സൈസ് , വിദ്യാഭ്യാസം, ആരോഗ്യം, നാഷ്ണൽ ഹെൽത്ത് മിഷൻ തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

date