Skip to main content

ദളിതരുടെ ക്ഷേമം ഉറപ്പു വരുത്താൻ സംസ്ഥാന സർക്കാറിന് കഴിഞ്ഞു: മന്ത്രി കെ. രാധാകൃഷ്ണൻ

സംസ്ഥാനത്തെ ദളിതരുടെ ക്ഷേമം ഉറപ്പു വരുത്താൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞതായി പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളീയം 2023 ന്റെ ഭാഗമായി തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിൽ നടന്ന 'കേരളത്തിലെ പട്ടിക വാർഗ്ഗ വിഭാഗം: സാമൂഹിക സാമ്പത്തിക വികസനം- വെല്ലുവിളികളും ഉന്നതിയിലേക്കുള്ള ചുവടു വെയ്പുകളും' എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയ സമൂഹം വളരുന്നതിനും വികസിക്കുന്നതിനും അനുസരിച്ച് ആനുപാതികമായി ദളിത് പിന്നോക്ക വിഭാഗക്കാർക്ക് വളരാൻ കഴിഞ്ഞിട്ടുണ്ട്. സ്റ്റാർട്ട് അപ്പ് മിഷനുമായി സഹകരിച്ച് നിരവധി തൊഴിൽ അവസരങ്ങളാണ് സർക്കാർ  പിന്നാക്കക്കാർക്കായി സംഘടിപ്പിച്ചത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 425 പട്ടികജാതി പട്ടിക വർഗ വിദ്യാർത്ഥികളെ ഉന്നത പഠനത്തിനായി വിദേശത്ത് അയക്കാൻ സർക്കാറിനായി. ഈ വർഷം 310 വിദ്യാർത്ഥികളെ വിദേശത്തേക്ക് ഉന്നത പഠനത്തിനായി അയക്കുമെന്നും മന്ത്രി പറഞ്ഞു.

പാർശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് രാജ്യത്തിന് പ്രത്യേകം ഉത്തരവാദിത്തമുണ്ടെന്ന് ജെ.എൻ.യു മുൻ പ്രൊഫസറും എക്കണോമിക്കൽ ആന്റ് പൊളിറ്റിക്കൽ വീക്കിലി മുൻ പത്രാധിപരുമായ ഡോ. ഗോപാൽ ഗുരു പറഞ്ഞു. ഈ ഉത്തരവാദിത്തം കേരളം ബഹുമുഖ പരിപാടികളിലൂടെ നടപ്പാക്കി വരുന്നുണ്ടെന്നത് സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ രക്ഷാകർതൃ ഭാവത്തോടെയും ചുമതലയോടും കൂടിയിട്ടാണ്  കേരളം അതിന്റെ കർതവ്യം നിർവഹിക്കുന്നത്. പിതൃദായക ക്രമത്തിലും ജാതിയിലും ഉറച്ചു പോയ നാടിന്റെ സാമൂഹ്യ ഘടന മാറി മുന്നേറേണ്ടത് ആവശ്യമാണെന്ന് സഫാരി കർമ്മചാരി ആന്ദേളൻ നാഷണൽ കൺവീനർ ബെസ്വാദോ വിൽസൺ അഭിപ്രായപ്പെട്ടു.

പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിനായി ദേശീയ ട്രൈബൽ പോളിസി രൂപപ്പെടുത്തണമെന്ന് ഝാർഖണ്ഡ് മുൻ വനിതാ കമ്മീഷൻ അംഗം ഡോ. ബസവി കിറോ അഭിപ്രായപ്പെട്ടു. ഇതിനായി കേരളം മുൻകൈ എടുക്കണം. കേരളത്തിന് മാത്രമേ ഇതിന് കഴിയൂ എന്നും അവർ പറഞ്ഞു. സാമൂഹിക തുല്യതയ്ക്കായി ഭൂപരിഷ്‌കരണ നിയമം പോലുള്ള വിപ്ലവകരമായ നയങ്ങൾ നടപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്നും ഇന്ത്യയിലെ മറ്റെവിടെയും ഇത്തരത്തിലുള്ള നിയമങ്ങൾ ഇനിയും നടപ്പാക്കിയിട്ടില്ലെന്നും മുൻ എം.പി: എ. വിജയരാഘവൻ പറഞ്ഞു.  കേരളത്തിൽ വിദ്യാഭ്യാസ ഘടനയിൽ പിന്നാക്കക്കാർക്കും അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടെന്നും മറ്റൊരു സംസ്ഥാനത്തിനും ഇത് ആർജിക്കാനായിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പട്ടിജാതി പട്ടിക വർഗ വിഭാഗങ്ങളുടെ സാമ്പത്തിക സാമൂഹിക വികസനത്തിൽ കേരളം മാതൃകയാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഫോർ വിമെൻ സ്റ്റഡീസ് (ഐ.എ.എസ്.ഡബ്ല്യു) മുൻ പ്രസിഡന്റ് ഡോ. മീരാ വേലായുധൻ അഭിപ്രായപ്പെട്ടു. ആദിവാസികളെ കാലാനുസൃതമായി പുരോഗതിയിലേക്ക് നയിക്കാനായി സംസ്ഥാന സർക്കാർ കഠിന പ്രയത്നമാണ് നടത്തുന്നതെന്ന്  ഒ.ആർ കേളു എം.എൽ.എ പറഞ്ഞു. ആദിവാസികളുടെ തൊഴിലിടങ്ങൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഇത് മറി കടക്കാൻ സർക്കാർ പുതിയ പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും എം.എൽ.എ പറഞ്ഞു.
ആദിവാസി മേഖലകളിലെ സമഗ്ര വികസനത്തിന് സർക്കാർ നിരവധി വിജയകരമായ പദ്ധതികളാണ് നടപ്പാക്കിയതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൊസൈറ്റിയൽ അഡ്വാൻസ്മെന്റ് സ്ഥാപക ഡയറക്ടർ പി.കെ ശിവാനന്ദൻ അഭിപ്രായപ്പെട്ടു.

എയ്ഡഡ് മേഖലയിലെ തൊഴിൽ രംഗത്ത് ദളിതർ അവഗണിക്കപ്പെടുന്നുണ്ടെന്ന് മുൻ എം.പി അഡ്വ.. കെ സോമപ്രസാദ് പറഞ്ഞു. യോഗ്യത നോക്കാതെ ജാതി മാത്രം നോക്കിയാണ് പല നിയമനങ്ങളും നടത്തുന്നത്. ഇത് അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ജനസംഖ്യാനുപാതികമായി പ്ലാൻ ഫണ്ട് നൽകിയിട്ടുണ്ടെങ്കിലും കൂടുതൽ ഫണ്ട് ഇനിയും നൽകേണ്ടതുണ്ടെന്ന് പ്ലാനിങ് ബോർഡ് അംഗം ഡോ. പി.കെ ജമീല സെമിനാറിൽ അഭിപ്രായപ്പെട്ടു. പല തദ്ദേശ സ്ഥാപനങ്ങളിലും പ്ലാൻ ഫണ്ട് ഉപയോഗിക്കാതെ കിടക്കുന്ന പ്രവണതയുണ്ട്. ഇക്കാര്യം പരിഹരിക്കണം. പട്ടിക ജാതി വർഗക്കാർക്കിടയിലെ ഡിജിറ്റൽ വിടവ് അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വേണം.  ഉന്നത വിദ്യാഭ്യാസ മേഖലയിൽ പട്ടിക ജാതി പട്ടിക വിഭാഗക്കാർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ഭരണഘടനാപരമായ അവകാശങ്ങൾ ഇവർക്ക് ലഭിക്കുന്നു എന്ന കാര്യം ഉറപ്പാക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.

  സെമിനാറിൽ അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക് പ്രസന്റേഷൻ അവതരിപ്പിച്ചു. പട്ടികജാതി പട്ടിക വർഗ വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് മോഡറേറ്ററായിരുന്നു.

പി.എൻ.എക്‌സ്5229/2023

date