Skip to main content

ഭക്ഷ്യഭദ്രതയിൽ കേരളം രാജ്യത്തിന് മാതൃക: ഭക്ഷ്യഭദ്രത സെമിനാർ

ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് എം എസ് സ്വാമിനാഥൻറെ മകളും  ബെംഗളൂരു ഇന്ത്യൻ സ്റ്റാറ്റിസ്സ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസറുമായ ഡോ. മധുര സ്വാമിനാഥൻ.  കേരളീയത്തിന്റെ ഭാഗമായി 'ഭക്ഷ്യഭദ്രത' എന്ന വിഷയത്തിൽ ടഗോർ തിയേറ്ററിൽ നടന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അവർ. കൊവിഡ് കാലഘട്ടത്തിലും കൂടുതൽ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കി പൊതുവിതരണ സംവിധാനത്തിലൂടെ ഫലപ്രദമായ ഇടപെലുകൾ നടത്തിയ കേരളത്തെ അവർ പ്രശംസിച്ചു. ഭക്ഷ്യ ഭദ്രതയിൽ നിന്നും പോഷകഭദ്രതയിലേക്ക് ചുവടുമാറേണ്ടതുണ്ട്. അതിലേക്കായി പോഷക സമൃദ്ധ ഭക്ഷണം ശീലമാക്കാനുള്ള അവബോധം കുട്ടികൾക്കിടയിലും യുവജനങ്ങൾക്കിടയിലും അത്യാവശ്യമാണെന്നും അവർ വ്യക്തമാക്കി.

സുസ്ഥിര സംവിധാനങ്ങളിലൂടെ സാർവ്വത്രിക ഭക്ഷ്യഭദ്രത കൈവരിക്കാമെന്ന  ആശയം എം എസ് സ്വാമിനാഥൻറെ ശിഷ്യനായ എംപിഎ-ഡിപി കൊളംബിയ സർവ്വകലാശാല  ഡയറക്ടർ ഡോ.ഗ്ലെൻ ഡെനിംഗ് മുന്നോട്ടുവച്ചു. ആവശ്യമായ അളവിലും തൂക്കത്തിലും പോഷകമൂല്യമുള്ള ഭക്ഷണം ഉറപ്പുവരുത്തി ഭക്ഷ്യഭത്രത ഉറപ്പുവരുത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാർവ്വത്രിക ഭക്ഷ്യഭദ്രത കൈവരിക്കൽ, പോഷകമൂല്യമുള്ള ഭക്ഷണവും സുസ്ഥിര ഭക്ഷ്യോത്പ്പാദനവും ഉറപ്പുവരുത്തൽ തുടങ്ങിയ നൂതനാശയങ്ങളും സെമിനാർ മുന്നോട്ടുവച്ചു. പൊതുവിതരണ സംവിധാനത്തിൽ മില്ലറ്റ് പോലുള്ള ചെറുധാന്യങ്ങളും പയർവർഗങ്ങളും കൂടുതലായി ഉൾപ്പെടുത്തൽ, കാലാവസ്ഥാ പ്രതിസന്ധികളെ അതിജീവിക്കുന്നതിനുള്ള കൃഷിരീതികൾ അവലംബിക്കൽ, വിളവെടുപ്പ് സമയത്ത് കുറഞ്ഞ വിലയ്ക്ക് കാർഷികോൽപ്പന്നങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്ന ശാസ്ത്രീയ ഗോഡൗണുകൾ സ്ഥാപിക്കൽ, തരിശ് നിലങ്ങൾ കൃഷിയോഗ്യമാക്കൽ, വിശപ്പ് രഹിത കേരളം എന്നതിൽ നിന്ന് പോഷകവൈകല്യ രഹിത കേരളം എന്ന യാഥാർത്ഥ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കൽ, പോഷക സമൃദ്ധമായ നാടൻ ഭക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ  മുന്നേറ്റ മാർഗങ്ങളും സെമിനാർ ചൂണ്ടിക്കാട്ടി.

കേരളത്തിലെ 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ പോഷകാഹാര സൂചകങ്ങളുടെ സ്ഥിതി വിവരം ഉൾപ്പെടുത്തിയുള്ള ന്യൂട്രിഷൻ പ്രൊഫൈൽ അവതരിപ്പിച്ചതിൽ അനീമിയ, വളർച്ചാ മുരടിപ്പ് തുടങ്ങിയ ഘടകങ്ങളിൽ കൂടുതൽ ശ്രദ്ധവേണമെന്ന ആവശ്യവുമുയർന്നു.
 

കേരളത്തിന്റെ ഇ- റേഷനിംഗ് മാതൃകയും ഈറ്റ് റൈറ്റ് പദ്ധതിയും ബീഹാറിൽ നടപ്പിലാക്കുമെന്ന് ആർജെഡി സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുകുന്ദ് സിംഗ് അറിയിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ചർച്ചയിൽ അദ്ധ്യക്ഷനായി. മുൻകേന്ദ്രമന്ത്രിയും ഡൽഹിയിലെ കേരള സർക്കാർ പ്രതിനിധിയുമായ കെ വി തോമസ്, തമിഴ്നാട് സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് കമ്മിഷൻ വൈസ് ചെയർമാൻ ജെ ജയരഞ്ചൻ, കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ്, സെൻറർ ഫോർ ചൈൽഡ് ആൻഡ് ദി ലോ, നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി ബെംഗളൂരു കോർഡിനേറ്റർ നീതു ശർമ്മ,  ബംഗ്ലാദേശ്  എഫ്എഒ ഫുഡ്സിസ്റ്റം സ്പെഷ്യലിസ്റ്റ് ആർ. വി. ഭവാനി, തമിഴ്നാട് എംഎൽഎ സി.വി.എം.പി. ഏഴിലരസൻ, ഫുഡ് കമ്മിഷൻ ചെയർമാൻ കെ വി മോഹൻകുമാർ എന്നിവരും  പാനലിസ്റ്റുകളായിരുന്നു. ആസൂത്രണ ബോർഡ് അംഗം ഡോ കെ രവിരാമൻ മോഡറേറ്ററായിരുന്നു. സപ്ലൈകോ സിഎംഡി ഡോ. ശ്രീറാം വെങ്കിട്ടരാമനാണ്  വിഷയം അവതരിപ്പിച്ചത്.

പി.എൻ.എക്‌സ്5230/2023

 

date