Skip to main content

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ അങ്കണവാടി കുരുന്നുകള്‍ക്ക് ഇനി മുതല്‍ ഡ്രൈ ഫ്രൂട്ട്‌സ്

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അങ്കണവാടികളില്‍ ഇനി മുതല്‍ ഡ്രൈ ഫ്രൂട്ട്‌സ് നല്‍കും. ഈന്തപ്പഴം, ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, ബദാം എന്നിങ്ങനെ നാലിനം ഡ്രൈ ഫ്രൂട്ട്‌സാണ് സമ്പൂര്‍ണ പോഷകഹാര പദ്ധതിയിലൂടെ കുരുന്നുകള്‍ക്ക് ലഭ്യമാക്കുന്നത്. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആര്‍. രവി ഉദ്ഘാടനം ചെയ്തു.

ആഴ്ചയില്‍ രണ്ടു ദിവസമാണ് കുട്ടികള്‍ക്ക് ഡ്രൈ ഫ്രൂട്ട്‌സ് നല്‍കുന്നത്. 21 അങ്കണവാടികളിലാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഡ്രൈ ഫ്രൂട്ട്‌സ് നല്‍കിയിരിക്കുന്നത്. വരും മാസങ്ങളില്‍ ബ്ലോക്കിന് കീഴില്‍ വരുന്ന 157 അങ്കണവാടികളിലും പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് കൊണ്ടാണ് പദ്ധതി ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും പദ്ധതി വിജയകരമാക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

പാണഞ്ചേരി പഞ്ചായത്തിലെ കണ്ണാറയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാന്‍സിന ഷാജു, വാര്‍ഡ് മെമ്പര്‍ രേഷ്മ, സിഡിപിഒ രേണുക, സൂപ്പര്‍വൈസര്‍ ഐശ്വര്യ, അങ്കണവാടി ജീവനക്കാര്‍, കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാടക്കത്തറ പഞ്ചായത്തിലെ പനമ്പിള്ളി, നടത്തറ പഞ്ചായത്തിലെ പോലൂക്കര, അച്ചന്‍കുന്ന്, പുത്തൂര് പഞ്ചായത്തിലെ കൈനൂര്‍ എന്നിവിടങ്ങളിലും അങ്കണവാടികളില്‍ ഉദ്ഘാടന പരിപാടികള്‍ നടന്നു.

date