Skip to main content

പൗരധ്വനി: അറിവുത്സവം നടത്തുന്നു

ആലപ്പുഴ: സാക്ഷരതാമിഷന്റെ പൗരധ്വനി പരിപാടിയുടെ ഭാഗമായി നവംബര്‍ 6,7,8 തീയതികളില്‍ മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ അറിവുത്സവം ക്യാമ്പ് നടത്തും. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളും അധികാരങ്ങളും പരമാവധി ഉപയോഗിക്കുന്ന സ്വതന്ത്ര പൗരരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയാണ് പൗരധ്വനി. മൂന്ന് ദിവസത്തെ ക്യാമ്പില്‍ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകള്‍, സംവാദങ്ങള്‍, സിനിമ, കലാപരിപാടികള്‍ എന്നിവ നടക്കും.

ചേന്നവേലി സെന്റ് ആന്റണീസ് പാരിഷ് ഹാളില്‍ നടക്കുന്ന ക്യാമ്പ് നവംബര്‍ 6ന് ഉച്ചകഴിഞ്ഞ് മൂന്നിന് പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി അധ്യക്ഷയാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുദര്‍ശനാ ബായി ആമുഖ പ്രഭാഷണം നടത്തും. കഥാകൃത്ത് കെ.എ സെബാസ്റ്റ്യന്‍ മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും.

നവംബര്‍ 8ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ.ജി ഒലീന ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, വൈസ് പ്രസിഡന്റ് എന്‍.എസ് ശിവപ്രസാദ് തുടങ്ങിയവര്‍ സംസാരിക്കും.

എല്ലാ ദിവസവും രണ്ടുമണി മുതലാണ് ക്ലാസുകള്‍. തീരദേശവാസികള്‍ക്കായിട്ടാണ് ക്യാമ്പ് നടത്തുന്നതെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ.വി രതീഷ് പറഞ്ഞു. പൗരധ്വനി അറിവുത്സവം നടത്തിപ്പിനായി മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് അംഗം ടി സുഖലാല്‍ ചെയര്‍മാനും വൈസ് പ്രസിഡന്റ് സി.സി ഷിബു കണ്‍വീനറുമായ സംഘാടക സമിതിയും രൂപീകരിച്ചു.
 

date