Skip to main content

പറവൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് സമാപനം

 

സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു

ആറു ദിവസങ്ങളിലായി നടന്ന പറവൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ് അധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന് കലാപരിപാടികൾ അരങ്ങേറി. വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാർ, ഉദ്യോഗസ്ഥർ, യൂത്ത് കോ-ഓർഡിനേറ്റർമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

രാവിലെ ഒൻപതിന് ഘണ്ഡകർണ്ണൻ വെളിയിൽ നിന്നും ആരംഭിച്ച സമാപന ഘോഷയാത്രയിൽ അഞ്ചു പഞ്ചായത്തുകളും മത്സര അടിസ്ഥാനത്തിൽ വ്യത്യസ്തങ്ങളായ വാദ്യ കലാ രൂപങ്ങളായി പങ്കെടുത്തു. ഘോഷയാത്ര മുനമ്പം ഡിവൈഎസ്പി എം.കെ മുരളി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ഗ്രൗണ്ടിൽ തിരുവാതിര, ഓണക്കളി മത്സരങ്ങൾ നടന്നു.

ഒക്ടോബർ 28 മുതൽ വിവിധ വേദികളിലായി നടന്ന കേരളോത്സവത്തിൽ വോളിബോൾ, ഫുട്ബോൾ, അത് ലറ്റിക്സ്, ബാസ്കറ്റ് ബോൾ, നീന്തൽ, പഞ്ചഗുസ്തി, കബഡി, വടംവലി, ക്രിക്കറ്റ്, കലാമത്സരങ്ങൾ എന്നിവ അരങ്ങേറി. നവംബർ ഒന്നിന് ചെറിയപ്പിള്ളിയിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിലേക്ക് സമ്പൂർണ്ണ ശുചിത്വ യാത്രയും സംഘടിപ്പിച്ചു.

date