Skip to main content
ഓണാട്ടുകരയുടെ പെരുമ വാനോളം ഉയർത്തി തലസ്ഥാനത്തെ കേരളീയം വേദി

ഓണാട്ടുകരയുടെ പെരുമ വാനോളം ഉയർത്തി തലസ്ഥാനത്തെ കേരളീയം വേദി

ആലപ്പുഴ: ഓണാട്ടുകരയുടെ കാർഷിക സമൃദ്ധിയും ചെട്ടികുളങ്ങരയുടെ പൈതൃക പെരുമയും വാനോളം ഉണർത്തി തലസ്ഥാനത്തെ കേരളീയം വേദി. കലാപാരമ്പര്യത്തേയും സംസ്‌കാരത്തേയും അടയാളപ്പെടുത്തുന്ന ഓച്ചിറ 28-ാം ഓണത്തിന്റെ ആകർഷണമായ കെട്ടുകാളയും ചെട്ടികുളങ്ങര കുംഭഭരണി ആഘോഷത്തിന്റെ ആകർഷണമായ തേരുമാണ് (കുതിര) കേരളീയം വേദിയിൽ ഒരുക്കിയിരിക്കുന്നത്. കേരളീയം കാണാനെത്തുന്ന സ്വദേശികളും വിദേശികളുമടക്കമുള്ളവർ വളരെ ആശ്ചര്യത്തോടെയും അത്ഭുതത്തോടെയുമാണ് ഈ നിർമിതികളെ കാണുന്നത്. 25 അടി ഉയരമുള്ള കെട്ടുകാള തടി, ഇരുമ്പ് പാളികൾ, കച്ചി, തുണി എന്നിവ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. പട്ടും ആഭരണങ്ങളും മുത്തുക്കുടയും ഉപയോഗിച്ച് ഇവ മനോരഹമായി അലങ്കരിച്ചിട്ടുണ്ട്. ടാഗോർ തിയേറ്ററിന് മുൻഭാഗത്താണ് കെട്ടുകാള ഒരുക്കിയിരിക്കുന്നത്.കനകക്കുന്ന് കവാടത്തിൽ ഒരുക്കിയ തേരിന് (കുതിര) 35 അടി ഉയരമുണ്ട്. തടി, ഇരുമ്പ് പാളികൾ, തുണി എന്നിവ ഉപയോഗിച്ചാണ് നിർമാണം. പട്ടും ആഭരണങ്ങളും ഉപയോഗിച്ച് മനോഹരമാക്കിയിട്ടുമുണ്ട്. ആർട്ടിസ്റ്റ് എം. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവ ഒരുക്കിയിട്ടുള്ളത്. ഓണാട്ടുകരയുടെ ചരിത്രത്തിന്റെ നേർകാഴ്ച തന്നെയാണ് കേരളീയം വേദിയിൽ ഒരുക്കിയിട്ടുള്ളത്. നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം-2023 ന് തിരിതെളിയിച്ചത്. നവംബർ ഏഴുവരെയാണ് തലസ്ഥാനത്ത് പരിപാടികൾ അരങ്ങേറുക.

date