ശക്തമായ മഴ സാധ്യത: കോട്ടയം ജില്ലയിൽ മഞ്ഞ അലേർട്ട്
കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ നവംബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ കോട്ടയം ജില്ലയിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണം.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാില്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും അപകടങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ ശ്രദ്ധിക്കണം.
- Log in to post comments