Skip to main content

ജില്ലയിലെ വെള്ളക്കെട്ട് : കർമ്മപദ്ധതി പുരോഗതി വിലയിരുത്തി ജില്ലാ കളക്ടർ

പ്രവർത്തികൾ വേഗത്തിലാക്കാൻ എല്ലാ വെള്ളിയാഴ്ചയും ഉദ്യോഗസ്ഥരുടെ യോഗം  

തിരുവനന്തപുരം ജില്ലയിൽ നഗരപ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി തയാറാക്കിയ ഫ്‌ളഡ് പ്രിവൻഷൻ ആക്ഷൻ പ്ലാനിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. നൂറ് ദിന കർമ്മപദ്ധതി പ്രകാരം അടിയന്തരമായി പൂർത്തികരിക്കേണ്ട പദ്ധതികളുടെയും ദീർഘകാലാടിസ്ഥാനത്തിൽ പൂർത്തികരിക്കേണ്ട പദ്ധതികളുടെയും ഒരാഴ്ചത്തെ പ്രവർത്തന പുരോഗതിയും തുടർപ്രവർത്തനങ്ങളും ചർച്ച ചെയ്തു. എല്ലാ വെള്ളിയാഴ്ചകളിലും പ്രതിവാര അവലോകനയോഗം ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

പട്ടം, ഉള്ളൂർ, ആമയിഴഞ്ചാൻ തോടുകൾ വൃത്തിയാക്കുന്നതും തോടിൽ അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്യുന്നതും വേഗത്തിലാക്കുന്നതിനായി സിൽറ്റ് പുഷർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൂടുതലായി നൽകുന്നതിന് യോഗത്തിൽ തീരുമാനമായി. ഡാമുകളിലെ മാതൃകയിൽ തോടുകളിലും മണ്ണടിയുന്നത് സംബന്ധിച്ച് പഠനം നടത്തുന്നതിന് മേജർ ഇറിഗേഷൻ വകുപ്പിനോട് ജില്ലാ കളക്ടർ നിർദേശിച്ചു. തെറ്റിയാർ തോടിന്റെ ഫ്‌ളഡ് ബേസ് വിപുലീകരണത്തിന്റെ തുടർ പ്രവർത്തനങ്ങൾ, ഡീസിൽറ്റേഷൻ പ്രവർത്തികൾ എന്നിവയും യോഗം വിലയിരുത്തി. വി.എസ്.എസ്.സി ഭാഗത്ത് തെറ്റിയാർ തോടിന്റെ ഡീ-സിൽറ്റേഷൻ സംബന്ധിച്ച് പരിശോധന നടത്തുന്നതിന് ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുന്നതിനും ജില്ലാ കളക്ടർ നിർദേശം നൽകി.

സ്മാർട്‌സിറ്റി, പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ ഭാഗമായ ഓടകളുടെ വൃത്തിയാക്കൽ, സ്മാർട്‌സിറ്റി, കെ.ആർ.എഫ്.ബി റോഡുകളുടെ നിർമാണപ്രവർത്തനങ്ങൾ, ാൻഹോളുകളിലേക്ക് അനധികൃതമായി നൽകിയിരിക്കുന്ന കണക്ഷനുകൾ കണ്ടെത്തുന്നതിനുള്ള സർവേ നടപടികളും ചർച്ച ചെയ്തു. റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ നിർമാണപ്രവർത്തനങ്ങൾ കാലതാമസമില്ലാതെ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദേശിച്ചു. ചാക്ക - ഈഞ്ചക്കൽ ബൈപാസ് റോഡിലെ ഓടകളിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി എൻ.എച്ച്.ഐ ഉദ്യോഗസ്ഥർ അറിയിച്ചു.

ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി.ജയമോഹൻ, മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ, പൊതുമാരമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ, തിരുവനന്തപുരം കോർപ്പറേഷൻ, സ്വീവറേജ് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

date