Skip to main content

തിരക്കിന്റെ അലകടല്‍ തീര്‍ത്ത് കേരളീയം

ജനത്തിരക്കിന്റെ ഇരമ്പല്‍ ആണ് തിരുവനന്തപുരം നഗരത്തില്‍ എങ്ങും. ഉച്ച കഴിഞ്ഞതോടെ കേരളീയത്തിന്റെ എല്ലാ വേദികളിലും സൂചി കുത്താന്‍ ഇടമില്ലാത്ത രീതിയിലുള്ള തിരക്കാണ് ശനിയാഴ്ച അനുഭവപ്പെട്ടത്.

മഴ പെയ്തിട്ടും തിരക്കിന് കുറവുണ്ടായില്ല. കെ.എസ് ചിത്രയുടെ ഗാനമേള അരങ്ങേറിയ സെന്‍ട്രല്‍ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ നിലയിലായിരുന്നു. നിശാഗന്ധിയില്‍ നടന്ന 'മലയാളപ്പുഴ' മള്‍ട്ടിമീഡിയ വിര്‍ച്വല്‍ റിയാലിറ്റി ഷോ, ടാഗോറില്‍ അരങ്ങേറിയ പല്ലവി കൃഷ്ണന്റെയും സംഘത്തിന്റെയും മോഹിനിയാട്ടം, രാജശ്രീ വാര്യരുടെയും സംഘത്തിന്റെയും നൃത്തം എന്നിവയ്ക്കൊക്കെ ജനം ഇരച്ചുകയറി.

ഭക്ഷ്യമേള പവലിയനുകള്‍ ആയിരുന്നു തിരക്കേറിയ മറ്റിടങ്ങള്‍. സൂര്യകാന്തി ഓഡിറ്റോറിയത്തിലും മാനവീയം വീഥിയിലും യൂണിവേഴ്സിറ്റി കോളേജിലും രുചി മുകുളങ്ങള്‍ നുകരാന്‍ വന്നവരുടെ നീണ്ട നിരയായിരുന്നു. ഇല്യൂമിനേഷന്‍ ആസ്വദിക്കാനും വെട്ടിത്തിളങ്ങുന്ന ബഹുവര്‍ണ്ണങ്ങളുടെ പശ്ചാത്തലത്തില്‍ സെല്‍ഫികളെടുക്കാനും ആളുകള്‍ കൂട്ടംകൂടി.സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടം അക്ഷരാര്‍ത്ഥത്തില്‍ നഗരവീഥികള്‍ കയ്യടക്കി. രാവിലെ ആകട്ടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ തിരക്കായിരുന്നു ഓരോ വേദിയിലും. സെമിനാര്‍ വേദികളില്‍ പതിവുപോലെ സീറ്റുകള്‍ നിറഞ്ഞനിലയായിരുന്നു.

date