Skip to main content

താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

 

കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കക്കോടി ടൗണിലെ ഗതാഗത പ്രശ്‌നത്തിന് പരിഹാരമായി ട്രാഫിക്ക് പോലീസിനെ നിയോഗിച്ചതായി പോലീസ് അറിയിച്ചു. ഗതാഗത നിയമ ലംഘനം കണ്ടെത്താനായി കക്കോടിയില്‍ എഐ ക്യാമറ സ്ഥാപിക്കാനായി മോട്ടോര്‍ വാഹന വകുപ്പിന് അപേക്ഷ നല്‍കിയതായും പോലീസ് അറിയിച്ചു. ഫറോക്ക് പഴയ പാലത്തിലെ കുട്ടികളുടെ പാര്‍ക്കില്‍ തടസ്സമായി നില്‍ക്കുന്ന ചീനവല നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് കോര്‍പ്പറേഷന്‍ പ്രതിനിധി അറിയിച്ചു. പെരിങ്ങളം ജംഗ്ഷനിലെ അപകട സാധ്യത കുറക്കാന്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു. മെഡിക്കല്‍ കോളേജിലെ പുതിയ അത്യാഹിത വിഭാഗത്തിലെ തിരക്ക് ഒഴിവാക്കാനായി സമീപത്തെ ഫുൂട്ട്പ്പാത്തില്‍ കൈവരി സ്ഥാപിച്ച് നടപ്പാതക്ക് സൗകര്യമൊരുക്കിയാല്‍ കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി നടക്കാന്‍ സാധിക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. അഗസ്ത്യമുഴി- കുന്ദമഗംലം റോഡിലെ വെള്ളം ഒഴുകിപ്പോകാന്‍ ഓവുചാല്‍ തുറന്ന് വൃത്തിയാക്കുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിനെ അറിയിക്കുമെന്ന് പിഡബ്യൂഡി അസി.എഞ്ചിനീയര്‍ അറിയിച്ചു. ദേശീയപാതയില്‍ കുണ്ടായിത്തോടിന് സമീപം രണ്ട് വര്‍ഷം മുമ്പ് തീപ്പിടിച്ചതിന്റെ മാലിന്യാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാതെ കിടക്കുന്നത് കോര്‍പ്പറേഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. താലൂക്കിലെ വിവിധ പട്ടയം സംബന്ധിച്ച പ്രശ്‌നങ്ങളും യോഗത്തില്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ വാഴയില്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ പ്രേംലാൽ, ഭൂരേഖ തഹസില്‍ദാര്‍ ശ്രീകുമാര്‍, ജൂനിയര്‍ സുപ്രണ്ട് അശോകൻ , വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍, താലൂക്ക് വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

date