Skip to main content

നവകേരള സദസ്സ്: മഞ്ചേരി മണ്ഡലത്തിലെ പഞ്ചായത്ത് തല കമ്മിറ്റികളുടെ യോഗം ചേര്‍ന്നു

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന നവകേരള സദസ്സിന്റെ ഭാഗമായി മഞ്ചേരി മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് തല കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. മണ്ഡലം സംഘാടക സമിതി ചെയർമാൻ ടി.കെ ഹംസയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ കമ്മിറ്റികളുടെ ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ വിലയിരുത്തി.

പഞ്ചായത്തുകളിലെ വാർഡ് തല കമ്മിറ്റി രൂപീകരണം ഏഴിന് മുമ്പ് പൂർത്തിയാക്കാൻ നിർദേശിച്ചു. പരിപാടിയുടെ പുരോഗതി വിലയിരുത്താൻ എല്ലാ ആഴ്ചകളിലും മീറ്റിങ് ചേരും. അതിനു മുമ്പ് പഞ്ചായത്ത്‌ തല മീറ്റിംഗ് ചേർന്ന് പുരോഗതി വിലയിരുത്തണം. വിവിധ സബ് കമ്മിറ്റികൾ നവംബർ എട്ടിനു മുമ്പ് യോഗം ചേർന്ന് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. സംഘാടകസമിതിയുടെ അടുത്ത മീറ്റിംഗ് ഒൻപതിന് ചേരാൻ തീരുമാനിച്ചു. പരിപാടി വിജയകരമാക്കാൻ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. 

മഞ്ചേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന യോഗത്തില്‍ മണ്ഡലംതല സംഘാടക സമിതി ചെയർമാൻ ടി.കെ ഹംസ, ഡെപ്യൂട്ടി കളക്ടർ എസ്. സരിൻ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറും സംഘാടക സമിതി കൺവീനറുമായ മുഹമ്മദ്‌ മുനീർ, മഞ്ചേരി മുനിസിപ്പാലിറ്റി, കീഴാറ്റൂർ, തൃക്കലങ്ങോട്, എടപ്പറ്റ, പാണ്ടിക്കാട് പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥർ, സംഘാടക സമിതി ഭാരവാഹികൾ സംസാരിച്ചു.

നവംബര്‍ 29ന് വൈകിട്ട് മൂന്നുമണിക്ക് മഞ്ചേരി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ആണ് മണ്ഡലംതല നവകേരള സദസ്സ് നടക്കുന്നത്.

 

date