Skip to main content

തവനൂർ വൃദ്ധമന്ദിരത്തിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള തവനൂർ ഗവ. വൃദ്ധമന്ദിരത്തിൽ അടുത്തുണ്ടായ മരണങ്ങളെ കുറിച്ച് തെറ്റിദ്ധാരണാജനമകമായ പ്രചാരണങ്ങൾ നടത്തുന്നത് ഖേദകരമാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. സ്ഥാപനത്തിലെ അന്തേവാസികൾക്ക് ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ആവശ്യമായ ചികിത്സ നൽകുകയും ആശുപത്രികളിൽ ചികിത്സ നൽകുകയും ചെയ്യുന്നുണ്ട്. 70 താമസക്കാരിൽ 13 പേർ കിടപ്പുരോഗികളാണ്. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ എട്ടുപേർ മരിക്കാനിടയായതിൽ അഞ്ചുപേരും വാർദ്ധക്യ സഹജമായ അസുഖങ്ങളുള്ളവരായിരുന്നു. മൂന്നുപേർ ആശുപത്രിയിൽ  ചികിത്സയിലിരിക്കുമ്പോഴാണ് മരിച്ചത്. പനി, ശ്വാസതടസ്സം മുതലായ ലക്ഷണങ്ങൾ ഉള്ള ആറുപേർ നിലവിൽ കോഴിക്കോട് ഗവ.മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ആരോഗ്യവകുപ്പിൻറെ നിർദ്ദേശത്തോടെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുവരുന്നുണ്ട്.  വസ്തുതാ വിരുദ്ധമായ വാർത്തകൾ പ്രചരിക്കുന്നത് മൂലം സ്ഥാപനത്തിലെ താമസക്കാരും ജീവനക്കാരും ഒരുപോലെ ആശങ്കയിലാണ്. വകുപ്പിന്റെയും മാനേജ്‌മെൻറ് കമ്മിറ്റിയുടെയും സഹകരണത്തോടെ നല്ല രീതിയിൽ തന്നെയാണ് സ്ഥാപനത്തിൻറെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം വസ്തുതാവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സാമൂഹ്യനീതി ഓഫീസർ അഭ്യർഥിച്ചു.

date