Skip to main content

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ ഷീ ക്യാമ്പയിൻ

ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനുള്ള ബോധവത്കരണം ലക്ഷ്യമാക്കി ഷീ ക്യാമ്പയിൻ ഫോർ വിമൺ പദ്ധതിയ്ക്ക് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇതോടനുബന്ധിച്ച് വനിതകൾക്കായി ഹെൽത്ത് ക്യാമ്പയിനും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. വിവിധ ചികിത്സാ രീതികളുടെ ശാസ്ത്രീയമായ പരസ്പര സഹകരണം ഇന്നത്തെ സമൂഹത്തിൽ ഏറെ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ഹോമിയോ വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും ഷീ പദ്ധതിയിലൂടെ, മെൻസ്ട്രൽ ഹെൽത്ത്, സ്ട്രെസ്സ്, തൈറോയിഡ്, പ്രീ ഹൈപ്പർ ടെൻഷൻ, പ്രീ ഡയബറ്റിക് തുടങ്ങിയ രോഗങ്ങൾക്ക് പ്രാധാന്യം നൽകി ആരോഗ്യ മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണ ക്ലാസുകളും നൽകുന്നുണ്ട്.

പോത്തൻകോട് മിനി സിവിൽ സ്റ്റേഷനിലുള്ള ഹോമിയോ ഡിസ്പെൻസറിയിൽ നടന്ന ചടങ്ങിൽ പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. പോത്തൻകോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അനിതകുമാരി,പോത്തൻകോട് ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ശ്രീകല.എൽ, പട്ടം താണുപിള്ള ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. എ.ജെ അഗസ്റ്റിൻ, വിവിധ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ എന്നിവരും സന്നിഹിതരായി.

date