Skip to main content

അനധികൃത പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നത് നിര്‍ത്തലാക്കണം: കണയന്നൂര്‍ താലൂക്ക് വികസന സമിതി

 

തൃപ്പൂണിത്തുറ കരിങ്ങാച്ചിറയില്‍ സ്ഥിതി ചെയ്യുന്ന പാസ്‌പോര്‍ട്ട് ഓഫീസിന് മുന്‍വശം കെട്ടിട ഉടമ അനധികൃതമായി പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതായി കണയന്നൂര്‍ താലൂക്ക് വികസന സമിതിയില്‍ ആക്ഷേപം. സി.പി.ഐ(എം) പ്രതിനിധി കെ.ജെ ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വികസന സമിതി യോഗത്തിലാണ് ആക്ഷേപം ഉയര്‍ന്നത്. 

മരട് ന്യൂക്ലിയസ് മാളില്‍ അനധികൃതമായി പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടുള്ളതായി മരട് നഗരസഭ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. തൃപ്പൂണിത്തുറ പാസ്‌പോര്‍ട്ട് ഓഫീസിനു മുന്നിലെ പാര്‍ക്കിംഗ് ഫീസ് സംബന്ധിച്ച് നടപടി സ്വീകരിക്കുവാന്‍ നഗരസഭയ്ക്ക് വികസന സമിതി നിര്‍ദേശം നല്‍കി. 

ദേശീയപാത നവീകരിക്കുമ്പോള്‍ ഇടപ്പള്ളി ജംഗ്ഷന്റെ ഡിസൈന്‍ പൊതുജനങ്ങള്‍ക്ക് കാണത്തക്ക രീതിയില്‍ പ്രസിദ്ധീകരിക്കണം, തൈക്കൂടം -ചമ്പക്കര പാലത്തിനു സമീപം മെട്രോ തൂണുകളില്‍ ലൈറ്റുകള്‍ തെളിയുന്നില്ല, എടിഎം സെന്ററുകള്‍ കൃത്യമായി കരാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നില്ല, പിഡബ്ല്യുഡി പുറമ്പോക്ക് ഭൂമികളില്‍ താല്‍ക്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവാദം നല്‍കുന്നതിനുള്ള ഗവണ്‍മെന്റ് ഉത്തരവ് ഇറക്കുവാന്‍ ശുപാര്‍ശ ചെയ്യണം, പുഴകളില്‍ നിന്നും ചെമ്മീന്‍കെട്ടുകളില്‍ നിന്നും എല്ലാ മാസവും മാലിന്യത്തോത് പരിശോധിക്കുന്നതിനായി സാമ്പിള്‍ ശേഖരിക്കുമെങ്കിലും പരിശോധന ഫലം ലഭിക്കുന്നതിന് ആറുമാസത്തോളം കാലതാമസം ഉണ്ടാകുന്നു തുടങ്ങിയ പരാതികള്‍ യോഗത്തില്‍ ഉയര്‍ന്നു.

കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ ബിനു സെബാസ്റ്റ്യന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ വികസന സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, വകുപ്പ് മേധാവികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date